![]() |
| പോസ്റ്റർ വിക്കിപീഡിയയിൽ നിന്ന്: By Source (WP:NFCC#4), Fair use, Link |
1960കളിൽ നാസയുടെ ബഹിരാകാശഗവേഷണങ്ങളിൽ സുപ്രധാനപങ്കുവഹിച്ച ആഫ്രിക്കൻ-അമേരിക്കകാരായ മൂന്നു വനിതകളുടെ ജീവിതമാണ് Hidden Figures എന്ന സിനിമ പങ്കുവെക്കുന്നത്. വിഷമംപിടിച്ചതും നീണ്ടതുമായ കണക്കുകൂട്ടലുകൾ ധാരാളമായി നടത്തുവാൻ ഗണിതവിദഗ്ദ്ധരെ അന്ന് കംപ്യൂട്ടറുകളായി (കണക്കുകൂട്ടുന്നവർ എന്ന അർത്ഥത്തിൽ തന്നെ) നിയമിച്ചിരുന്നു. നാസയിലെ കറുത്തവർഗ്ഗക്കാരായ കംപ്യൂട്ടർ വനിതകൾക്കായുള്ള ഒരു യൂണിറ്റിലെ അംഗങ്ങളായിരുന്ന മേരി ജാക്സൺ, കാതറിൻ ഗോബ്ൾ, ഡൊറോത്തി വോഗൻ എന്നിവരാണ് 2017ൽ പുറത്തിറങ്ങിയ ഈ ഹോളിവുഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
കണക്കുകൂട്ടലുകാർ എന്നതിനപ്പുറത്തേയ്ക്ക് പ്രോഗ്രാമിങ്ങിലും, എഞ്ചിനീയറിങ്ങിലും, അനലിറ്റിക് ജ്യോമട്രിയിലുമൊക്കെയായി ഉയരങ്ങൾ താണ്ടാനായുമ്പോൾ അതിനു തടയിടുന്ന വിവേചനത്തിന്റെ ചില്ലുമച്ചുകൾ അവർ തച്ചുടയ്ക്കുന്ന സന്ദർഭങ്ങൾ സിനിമയിൽ ഏറെയുണ്ട്. ആവേശത്തേക്കാളും അഭിമാനത്തേക്കളുമേറെ വേദനയാണ് ആ സന്ദർഭങ്ങൾ നമുക്ക് സമ്മാനിക്കുക.
വംശീയവേർതിരിവ് അമേരിക്കയിലെ ലോകോത്തരസാങ്കേതിക സ്ഥാപനത്തിൽ ഏതാനും പതിറ്റണ്ടുകൾക്കു മുമ്പുപോലും ഇത്രമേൽ രൂക്ഷമായിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കറുത്തവനിതകളുടെ കംപ്യൂട്ടിങ്ങ് വിഭാഗത്തിൽ നിന്നും നാസയുടെ സ്പേസ് പ്രോഗ്രാമിലെ കമ്പ്യൂട്ടറായി നിയമനം ലഭിച്ച ശേഷം കാപ്പിപ്പാത്രത്തിലും മൂത്രപ്പുരയിലും ഒക്കെയായി പലവിധത്തിലുള്ള വിവേചനങ്ങളിലൂടെയാണവർ കടന്നുപോകുന്നത്. കറുത്തവർക്കുള്ള മൂത്രപ്പുരയ്ക്കായി മുക്കാൽ കിലോമീറ്ററോളം അക്ഷരാർത്ഥത്തിൽ തന്റെ കണക്കുകടലാസുകളും കൊണ്ട് ഓടിപ്പോയി വരേണ്ടുന്നുണ്ട് കാതറിന്.
'There is no protocol for women to attend pentagon briefing' എന്നു പറയുന്ന സീനിയർ എഞ്ചിനീയറോട് 'There is no protocol for a man in space' എന്നു പറഞ്ഞാണ് നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ പാത കണക്കുകൂട്ടുന്ന കാതറിൻ അതിനാവശ്യമായ വിവരങ്ങൾ കിട്ടേണ്ടുന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകുന്നത്.
മേരിയ്ക്ക് നാസയുടെ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേയ്ക്ക് അപേക്ഷിയ്ക്കണമെങ്കിൽ പൂർത്തിയാകേണ്ടുന്ന കോഴ്സ് വെള്ളക്കാർക്കുള്ള കോളേജിൽ മാത്രമാണുള്ളത്. അവിടേയ്ക്കുള്ള പ്രവേശനാനുമതിയ്ക്കായി അവർ കോടതിയിൽ വരെ പോകേണ്ടിവരുന്നു. നാസയിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ എഞ്ചിനീയറാകുന്നു പിന്നീടവർ.
ഡൊറോത്തി കമ്പ്യൂട്ടിങ്ങ് വിഭാഗത്തിന്റെ മേൽനോട്ടക്കാരിയാണെങ്കിലും ആ നിലയിൽ ഒരു സ്ഥിരനിയമനം അവർക്കു നൽകുവാൻ മടികാണിക്കുന്നു നാസ. കണക്കുകൂട്ടൽ ജോലിയുടെ ഭാവി പ്രോഗ്രാമിങ്ങിലാണെന്നു തിരിച്ചറിയുന്ന ഡൊറൊത്തിയ്ക്ക് ഫോർട്രാൻ പഠിയ്ക്കുവാനുള്ള ഒരു പുസ്തകം പോലും ലഭിയ്ക്കുന്നില്ല. കറുത്തവംശജർക്കുള്ള ലൈബ്രറി സെക്ഷനിൽ അതില്ലാത്തതുതന്നെ കാരണം. വെള്ളക്കാർക്കുള്ള ഇടത്തിൽനിന്നും അവരെ ഇറക്കിവിടുന്നുമുണ്ട്. അതിനിടയിൽ മോഷ്ടിച്ചെടുത്ത പുസ്തകത്തിൽ നിന്നും പഠിച്ച്, ടീമംഗങ്ങളെ പഠിപ്പിച്ച് IBM മെഷീൻ പ്രോഗ്രാമിങ്ങ് വിഭാഗത്തിലേയ്ക്ക് ഒടുവിൽ അവർക്കു നിയമനം ലഭിക്കുന്നു.
ഈ പോരാട്ടങ്ങൾക്കിടയിലും മൂവരുടേയും വ്യക്തിജീവിതവും അവർക്കിടയിലെ ചങ്ങാത്തവും ഒക്കെയുള്ള രസകരമായ സന്ദർഭങ്ങളും ഈ ചലച്ചിത്രത്തിലുണ്ട്. നാസയുടെ മനുഷ്യബഹിരാകാശപേടകത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ച ഉദ്വേഗഭരിതമായ നിമിഷങ്ങളും ആ ദൗത്യത്തിൽ ഇവരുടെ പങ്കും ഒപ്പം കാണാം.
ഹിഡൻ ഫിഗേഴ്സ്, പൊരുതി വിജയിച്ചവരുടെ കഥയാണ്. വിവേചനങ്ങളിൽ തളരാതെ പോരാടാൻ കഴിഞ്ഞതുകൊണ്ടു മാത്രം പെരുമ നേടിയവർ. അതു സാധിയ്ക്കാതെ മൺമറയുന്ന പ്രതിഭകളും നമുക്കു ചുറ്റിലും അനേകമുണ്ടാകുമെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് തിയോഡാർ മെൽഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം.

No comments:
Post a Comment