Monday, 17 July 2017

'ഉറവിടങ്ങൾ' തേടുമ്പോൾ

അനുഭവതീക്ഷ്ണത കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരനാണ് ജയമോഹൻ. ആദ്യം 'നൂറുസിംഹാസനങ്ങളിലൂടെ'. ഇന്നിപ്പോൾ അത്മകഥാപരമായ 'ഉറവിടങ്ങളി'ലൂടെ. ഒറ്റയിരുപ്പിന് വായിച്ചു തീരുവോളവും, പിന്നെ പുസ്തകം മടക്കിയിട്ടും വയനയുടെ ലഹരി വിട്ടുമാറുന്നില്ല. 

'ജയമോഹനെക്കുറിച്ചല്ല, ജയമോഹനിലൂടെയാണിപ്പുസ്തകം' എന്ന് അവതാരികയിൽ കല്പറ്റ നാരായണൻ എഴുതിയത് പുറംചട്ടയിൽ കണ്ടെങ്കിലും അത് എനിക്കൊട്ടും മനസ്സിലായിരുന്നില്ല. പക്ഷേ ഈ പുസ്തകത്തെ വിവരിക്കുവാൻ അതിലേറെ നല്ലൊരു വഴി ഇല്ലെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ജയമോഹനിലൂടെ നാം കാണുന്ന ഒരു ലോകമുണ്ട്. കേരളത്തിൽ നിന്നടർന്നുപോയതുകൊണ്ട് സാഹിത്യത്തിലും ചരിത്രത്തിലും അടയാളപ്പെടാതെ പോയെ തെക്കൻ തിരുവതാകൂറിന്റെ, നാഞ്ചിനാടിന്റെ സാംസ്കാരികപരിസരം.

ഉറവെടുത്ത ഇടങ്ങളെ  ജയമോഹൻ ചികഞ്ഞെടുക്കുന്നത് ഓർമ്മകളിൽ നിന്നാണ്. പൂതപ്പാട്ടിൽ തുടങ്ങുന്നതാണ് അമ്മയോർമ്മകൾ. ചങ്ങമ്പുഴയും ആശാനും  മുതൽ ഹെമിങ്ങ്വേയിലൂടെ നീങ്ങുന്ന വായനകൾ നടത്തുന്ന അമ്മ രാമായണശീലുകൾക്കിടയിൽ ചിന്താവിഷ്ടയായ സീതയെക്കൂടി ചേർത്ത് വായിക്കുന്ന സരസയാണ്. പക്ഷേ മുൻകോപിയായ അച്ഛൻ എത്തുന്നതോടെ മൂകമാകുന്നതാണ് അവരുടെ വീട്.

'ഒഴിമുറി' ചലച്ചിത്രത്തിൽ കണ്ട, ഉള്ളിൽ വാത്സല്യം നിറയുമ്പോഴും കടുത്ത കോപത്തോട തല്ലുകയുംശകാരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ യഥാർത്ഥജീവിതത്തിൽ എനിയ്ക്ക് സങ്കല്പിക്കാനാവില്ലായിരുന്നു. പക്ഷേ ജയമോഹൻ സ്വന്തം അച്ഛനെത്തന്നെയാണതിൽ കാണിച്ചുതന്നതെന്ന ഞെട്ടൽ മാറാതെനിൽക്കുന്നു. തന്നോടച്ഛൻ കാര്യപ്പെട്ട് സംസാരിച്ച ഒരു (അപൂർവ്വ)സന്ദർഭം ഓർത്തെടുക്കുന്നുണ്ട് അദ്ദേഹം. 'അച്ഛൻ എന്നോടല്ല സംസാരിച്ചത്, കാറ്റിനോടാണ്' എന്ന വിധമാണ് ആ മനുഷ്യൻ.

ജയമോഹനിലെ ചരിത്രകാരനാണ് പിന്നീട് സംസാരിക്കുന്നത്. തെക്കൻതിരുവതാംകൂറിന്റെ വാമൊഴിക്കഥകളും വയലേലകളും കോവിലുകളും കുളങ്ങളും ഒക്കെ ആ വർത്തമാനത്തിൽ പങ്കെടുക്കുന്നു. നാഞ്ചിനാട്ടെ സിവിൽ രേഖകൾ പലതും സർക്കാർ ആർക്കൈവിലിരിക്കുമ്പോഴും അവ വേണ്ടവിധം പഠിക്കപ്പെടുന്നില്ല. 'നിർമ്മിച്ചു'കൊണ്ടിരിക്കുന്ന മോണോലിത്തിക്കായ കേരളചരിത്രത്തിന്റെ പഴമയ്ക്കും പെരുമയ്ക്കും പറ്റിയ  ചേരുവകളല്ല അതിലെന്നതുകൊണ്ടാണ് അവ തമസ്കരിക്കപ്പെടുന്നത് എന്നു പി. കെ. ബാലകൃഷ്ണന്റെ വാക്കുകളൊടെ എഴുത്തുകാരനും പറയുന്നു.

തികച്ചും തന്നിലേയ്ക്കു  തിരിച്ചുവെച്ച കണ്ണാടിയായി ഈ പുസ്തകം മാറുന്നത് 'മകൾ, അമ്മ, സ്ത്രീ' എന്ന ഒരു അദ്ധ്യായത്തിലാണ്. അലച്ചിലിന്റെ ഒരു ജീവിതഘട്ടവും, ഇടയിൽ കണ്ടുമുട്ടിയ ആഴത്തിൽ ഓർമ്മകൾ അവശേഷിപ്പിച്ച ചില വ്യക്തികൾ സംഭവങ്ങൾ ഒക്കെ ഇവിടെ കാണും. ഭാര്യ അരുൾമൊഴിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം ജയമോഹൻ വിവരിക്കുന്നുണ്ട്. കൊതിപ്പിക്കുന്നതാണത് . ഇതൊരു നോവലിലെ കഥാപാത്രം പറഞ്ഞാൽ 'കാല്പനികം' എന്നു താൻ തന്നെ മുദ്രയടിച്ചേക്കും എന്നും അദ്ദേഹം തന്നെ പറയുന്നു.

'പൂർവ്വികർ ബാക്കിവെയ്ക്കുന്ന അടയാളങ്ങളിൽ'അവിശ്വസനീയമായ മനസ്ഥൈര്യവും തന്റേടവുമുള്ള തിരുവിതാംകൂർ അമ്മച്ചിമാരെ സ്വന്തം അച്ഛന്റെ അമ്മയിലൂടെ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. 'തലനൂർത്ത് നടക്കടി' എന്നു മകന്റെ ഭാര്യയോട് പറയുന്ന, സ്വത്തിടപാടുകളും, കൃഷിവ്യാപാരങ്ങളും നോക്കിനടത്തുന്ന ആ അമ്മച്ചി നാഞ്ചിനാട്ടെ അത്തരം ഒരുപാടുപേരിൽ ഒരാൾ മാത്രമായിരുന്നു. 'ഒഴിമുറി' കണ്ടിട്ടുണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൃത്യമായി ഓർത്തെടുക്കാം. തന്റെ അമ്മയ്ക്കോ ഭാര്യ അരുൾമൊഴിയ്ക്കോ ഒരിയ്ക്കലും ആ ആജ്ഞാഭാവം കൈവരിക്കാനാവില്ലെന്നും ജയമോഹൻ കൂട്ടിച്ചേർക്കുന്നുണ്ട്.

അവസാന അദ്ധ്യായം തികഞ്ഞ ജീവിതഭാവനയാണ്. റബറും തോട്ടങ്ങളും ഒക്കെ വ്യാപകമാകുന്നതിനു മുമ്പ് കാടിനും പടർപ്പിനുമൊപ്പം വളർന്ന് പന്തലിച്ച മലനാട്ടിലെ യക്ഷികളാണ് ഇതിലെ കഥാപാത്രങ്ങൾ. കാമം കൊണ്ട് മയക്കുന്ന ഈ സുന്ദരികളെ നാടു വളർന്നപ്പോൾ പലയിടത്തായി തളച്ച ഓർമ്മയിലെ കഥകൾക്കൊപ്പം എഴുത്തുകാരൻ പുസ്തകത്തിനും പൂട്ടിടുന്നു.

പുസ്തകത്തിൽ പലയിടത്തും എഴുത്തുകാരൻ എന്ന നിലയിൽ തന്നെപ്പറ്റി സൂചിപ്പിക്കുമ്പോൾ അഭിമാനത്തോടെ മാത്രം പറയുന്ന ആ അത്മവിശ്വാസത്തിനും കൂടി സലാം.

No comments:

Post a Comment