Friday, 10 March 2017

വനിതാദിനം


കഴിഞ്ഞ ദിവസം കോളേജിൽ നടന്ന വനിതാദിനാഘോഷത്തിൽ സംസാരിയ്ക്കുകയുണ്ടായി. സാധാരണ ഈ പരിപാടി പെൺകുട്ടികൾക്കു മാത്രമെന്ന ലേബലിലൊക്കെയാണ് നടക്കാറുണ്ടായിരുന്നത്.  എന്നാൽ പതിവിനു വിപരീതമായി ഇക്കൊല്ലം സദസ്സിൽ പകുതിയിലേ ആൺകുട്ടികളാണെന്ന സന്തോഷം ഉണ്ടായിരുന്നു. മാറ്റങ്ങളുണ്ടാക്കുവാൻ ധൈര്യമായി മുന്നിട്ടിറങ്ങൂ (Be Bold for Change)എന്ന ഇക്കൊല്ലത്തെ വനിതാദിന മുദ്രാവാക്യത്തിലൂന്നിയായിരുന്നു സംസാരിയ്ക്കാൻ ശ്രമിച്ചത്. പുരുഷവിദ്വേഷമായോ സർവ്വംസഹയായപെണ്ണിന്റെ ദയനീയതയോ ആയി തെറ്റിദ്ധരിക്കപ്പെടാതെ ഈ വിഷയത്തിൽ വർത്തമാനം പറയാൻ നന്നേ ബുദ്ധിമുട്ടി.  പറഞ്ഞതൊക്കെ എങ്ങനെ മനസ്സിലാക്കിയുണ്ടാകും എന്നതും സംശയിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നതാണ് വനിതാദിനത്തിലെ 'ഒറ്റമണിക്കൂർ കൂടിയിരുപ്പുകളിൽ' ഏറ്റവും ശക്തമായി ഉയർന്നു വരുവാറുള്ള ആവശ്യം. ഈ അതിക്രമങ്ങളിൽ എന്നു പറയുമ്പോൾ പ്രത്യക്ഷത്തിലുള്ള ലൈംഗികാതിക്രമങ്ങളെയാണ്  ഉദ്ദേശിക്കുന്നതും. ഇതിൽ നിന്നും സുരക്ഷിതയായി എങ്ങനെ ജീവിയ്ക്കാം എന്ന് പെണ്ണിനുള്ള ഉപദേശങ്ങളും കൂടെയുണ്ടാകും. അതോടെ അവസാനിയ്ക്കും ദിനാഘോഷങ്ങളൊക്കെ. പങ്കെടുക്കുന്ന ഭൂരിപക്ഷത്തിനും ഈ വിഷയം സ്വന്തം കാര്യമല്ല. 'ഞാൻ ഒരു പെണ്ണിനേയും ആക്രമിക്കുന്നില്ലല്ലോ' എന്നും 'ഞാൻ സൂക്ഷിച്ചൊക്കെ ജീവിക്കുന്നതു കൊണ്ട് ഇരയാവേണ്ടി വരുന്നില്ലല്ലോ' എന്നും ഒക്കെയുള്ള ചിന്തകളോടെയാണ് മിക്കവരും എത്തിയിട്ടുണ്ടാവുക. അതിക്രമത്തിന്റെ കഥകളൊക്കെ അരിശവും സഹതാപവും സൃഷ്ടിയ്ക്കുമെങ്കിലും  മെഴുകുതിരി പ്രതിഷേധങ്ങളിലും സ്റ്റാറ്റസ് അപ്ഡേറ്റിലും കൂടിവന്നാൽ സുഹൃത്ത് സദസ്സിലുള്ള ചർച്ചയിലും അതിന്റെ ബാധ്യതകൾ അവസാനിയ്ക്കും.

വീട്ടിലും കുടുംബത്തിലും റോഡിലും ബസ്സ്റ്റാൻഡിലുമെല്ലാം ആണിനും പെണ്ണിനും രണ്ടു നീതിയാണുള്ളത്. ഈ ഇരട്ട നിയമങ്ങൾ ശരിയല്ല എന്നു പോലും തിരിച്ചറിയാതെയാണ്  ഭുരിപക്ഷം ആണും പെണ്ണും ജീവിക്കുക. താനുൾപ്പെടെ ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ടുകൾ തീർക്കുന്ന ഈ സോഷ്യൽ കോഡ് പരിപാലിക്കാനുള്ള തത്രപ്പാടിലാകും എല്ലാവരും. ഒറ്റയ്ക്കാണെങ്കിൽ ആറുമണിയ്ക്കു മുന്നേ വീട്ടിലെത്താൻ പരക്കം പായുന്ന മകളും, അവൾക്ക് തുണയ്ക്ക് പോകാൻ സാഹചര്യങ്ങളാൽ  കഴിയാതിരുന്ന അച്ഛനും ഒരുപോലെ വേദനിയ്ക്കുന്നുണ്ടാകും. ആ ബുദ്ധിമുട്ടോർത്ത് തൊഴിൽ തേടിയുള്ള യാത്ര പോലും വേണ്ടെന്നു വെയ്ക്കാൻ പറയുന്ന കുടുംബവും ഉണ്ടാകും.

കുടുംബങ്ങളുടെ ദൈനംദിനചര്യകളൊക്കെയും പെണ്ണിന്റെ പാപബോധത്തിനുമുകളിലാണ് നിലകൊള്ളുന്നത്. താൻ കാലത്തുണർന്നില്ലെങ്കിൽ, വീട്ടിലാർക്കെങ്കിലും സമയത്ത് പുറപ്പെട്ട് ജോലിയ്ക്കോ/പഠനത്തിനോ പോകാൻ കഴിഞ്ഞില്ലെങ്കിൽ, ആരെങ്കിലും വിശന്നിരിയ്ക്കുന്നെങ്കിൽ, ധരിയ്ക്കാൻ അലക്കിയ വസ്ത്രങ്ങളില്ലെങ്കിൽ അതിന്റെയൊക്കെ ഉത്തരവാദി താനാണെന്ന് ധരിയ്ക്കുന്ന വേദനിയ്ക്കുന്ന അമ്മമാരെ എത്രയോ കണ്ടിരിക്കുന്നു. അത്തരം അവസരങ്ങളൊഴിവാക്കാൻ മടിയാതെ പണിയുന്ന അമ്മയും ഭാര്യയും മകളും ഒക്കെ ഉള്ളതുകൊണ്ടുമാത്രം ഓടുന്ന യന്ത്രമാണ് കുടുംബങ്ങൾ. ഇവരെ വാഴ്ത്തിപ്പാടാനുള്ള ദിവസമല്ല വനിതാദിനം. പകരം ഈ പാപഭാരത്തിൽ നിന്നും എല്ലാവരും മോചിപ്പിക്കപ്പെടുന്ന നാളിലേയ്ക്കുള്ള ഒരു തുടക്കമെങ്കിലുമാകണം ഈ ദിവസം.

പക്ഷേ അതത്ര എളുപ്പമൊന്നുമല്ല എന്നതാണ് സത്യം. സ്വന്തം മുറിയും വസ്ത്രങ്ങളും സ്വയം വൃത്തിയാക്കാൻ ഒരു ആൺകുട്ടി തയ്യാറായാൽ പോലും അവനത് ചെയ്യേണ്ടി വരുന്നത് തന്റെ കുറ്റമാണെന്ന് കരുതുന്ന അമ്മയോ ഭാര്യയോ  പെങ്ങളോ ഉണ്ടെങ്കിൽ എന്തു ചെയ്യും? അല്ലെങ്കിൽ അതിന്റെ പേരിൽ വീട്ടിലെ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന അച്ഛനോ അയൽക്കാരോ ബന്ധുക്കളൊ ഉണ്ടെങ്കിലോ? ഇവിടെയാണ് മാറ്റങ്ങൾക്കു വേണ്ടി ധൈര്യപൂർവ്വം മുന്നിട്ടിറങ്ങേണ്ടത്. അത്തരം മാറ്റങ്ങൾക്കായുള്ള ശാഠ്യങ്ങൾ നിലവിലെ സാമൂഹ്യസാഹചര്യങ്ങളാൽ തന്നെ കൂടുതലായി സാധിയ്ക്കുക ആണിനാവും എന്നതുകൊണ്ടാണ് ഇതു കേൾക്കുവാൻ ആൺകുട്ടികൾ കൂടുതലുള്ള സദസ്സ് ലഭിച്ചതിൽ എനിയ്ക്ക് സന്തോഷം തോന്നിയത്. കുടുംബത്തിലെയും പുറത്തെയും പണികൾ അഭിരുചിയ്ക്കുനുസരിച്ച്  അംഗങ്ങൾ പങ്കിടുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ പങ്കുവെയ്ക്കലിന്റെ മാനദണ്ഡം ലിംഗപരമാകുന്നതാണ് നമ്മൾ മാറ്റേണ്ടത്. പെൺകുട്ടി പാചകത്തിൽ മോശമാകുന്നതോ ആൺകുട്ടി ഡ്രൈവിങ്ങിൽ മോശമാകുന്നതോ പ്രശ്നമല്ല, കുടുംബത്തിനുള്ളിൽ പരസ്പരം താങ്ങായി കുറവുകൾ മറികടക്കാൻ സാധിയ്ക്കുന്നിടത്തോളം.

റോഡും ബസ്സ്റ്റാൻഡും തിയേറ്ററും ഉത്സവപ്പറമ്പുകളും അടങ്ങുന്ന പൊതുവിടങ്ങൾ പെണ്ണുങ്ങളുടേതുകൂടിയാണെന്ന നാട്യമേ ഉണ്ടാകൂ പലപ്പോഴും. പെണ്ണിനേയും പെൺകൂട്ടത്തേയും എന്തിന് പെണ്ണിനൊപ്പമുള്ള ആണിനെ പോലും ദുർബ്ബലരാക്കുന്ന പെരുമാറ്റങ്ങളാണ് ഇവിടെ അനുഭവിയ്ക്കേണ്ടി വരിക. ഷോളിന്റെ നീളംമുതൽ ബ്രായുടെ വള്ളിവരെ വിഷയമായി കമന്റുകൾ അല്ലെങ്കിൽ അത്തരം തുറിച്ചുനോട്ടങ്ങൾ അപരിചിതരിൽ നിന്നുമുണ്ടാകുമ്പോൾ അത് പെട്ടെന്നുണ്ടാക്കുന്ന അരക്ഷിതബോധം വലുതാണ്. താനെന്ന വ്യക്തി വെറും ശരീരമായി ചുരുങ്ങുന്നുവെന്ന ബോധ്യത്തിന്റെ ഞെട്ടൽ ഉടനെയൊന്നും മാറില്ല. ഒരു നോട്ടമോ വാക്കോ അത്ര വലിയ കുത്സിതപ്രവൃത്തിയായി ചെയ്യുന്നവർക്ക് തോന്നുകയില്ലായ്കയാൽ അതവരുടനേ മറന്നേക്കം. തങ്ങളൊരു സ്ത്രീവിരുദ്ധ പ്രവൃത്തിയുടെ ഭാഗമാണെന്നവർ തിരിച്ചറിയുന്നുപോലും ഉണ്ടാകില്ല. പക്ഷേ പല വിലക്കുകളെയും തന്റേടം അഭിനയിച്ചെങ്കിലും  മറികടന്ന് പൊതുവിടത്തിലേയ്ക്കെത്തുന്ന പെണ്ണിനെ തളർത്തുവാനും പിന്നാക്കം വലിയ്ക്കുവാനും ഇതു ധാരാളം മതി. കാരണം ആരോടെങ്കിലും പരാതിപറഞ്ഞാൽ പോലും നീയെന്തിനാ ഇപ്പോളവിടേയ്ക്കു പോയതെന്നും നീ  ശ്രദ്ധിയ്ക്കാഞിട്ടല്ലേയെന്നും ഒക്കെയുള്ള കുറ്റപ്പെടുത്തലാവും പ്രിയപ്പെട്ടവരിൽ നിന്നുപോലും ഉണ്ടാവുക. പക്ഷേ നോട്ടത്തിനും കമന്റിനുമപ്പുറം തോണ്ടലും തൊടലുമൊക്കെ ഉണ്ടായാൽ പോലും അതെല്ലാം ചെയ്തവരുടെ തെറ്റാണെന്നും തനിയ്ക്ക് നിയമപരിരക്ഷ ഉറപ്പാണെന്നും പെൺകുട്ടികൾ ഓർക്കുക.

പരിപാടിയ്ക്കിടയിൽ സ്ത്രീശാക്തീകരണത്തിനായി  പ്രദർശിപ്പിച്ച ഒരു ഹ്രസ്വ ചിത്രമുണ്ടായിരുന്നു. പെൺകുഞ്ഞ് ജനിക്കുമ്പോൾ ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ചു പോകുന്ന ഭർത്താവ് ഒരു തെരുവോരക്കടയിലെ ടെലിവിഷനിൽ നിന്നും ഒളിംപിക് മെഡൽ ജേത്രികളായ സാക്ഷിയുടേയും സിന്ധുവിന്റേയും വാർത്ത കേൾക്കുന്നു. പെൺകുട്ടികൾക്ക് ഇങ്ങനേയും ഒരു പ്രോസ്പെക്റ്റ് ഉണ്ടെന്നു മനസ്സിലാക്കി മടങ്ങി വന്ന് കുഞ്ഞിനേയും അമ്മയേയും ഒപ്പം കൂട്ടുന്നു. ഒറ്റബുദ്ധിയിൽ നല്ല സന്ദേശമെന്നൊക്കെ തോന്നുമെങ്കിലും സിനിമയിൽ ആഴത്തിൽ വേരൂന്നുന്ന ആശയം എന്തൊക്കെയോ വലിയ കാര്യം പ്രതീക്ഷിച്ചു പെൺകുഞ്ഞുങ്ങളെ വളർത്തുവാനാണ്. അപ്പോൾ പ്രതീക്ഷയ്കൊത്ത് അവർ വളർന്നില്ലെങ്കിൽ വീണ്ടും ഉപേക്ഷിയ്ക്കപ്പെടുകതന്നെയായിരിക്കില്ലേ അവരുടെ വിധി.?മെഡലു വാങ്ങാൻ  കഴിഞ്ഞില്ലെങ്കിൽ അവരുടെ വ്യക്തിത്വം അംഗീകരിയ്ക്കപ്പെടുകില്ലെന്നാണോ? പെണ്ണായാലും അല്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് സംതൃപ്തിയോടെ ജീവിയ്ക്കുന്നത് കാണുന്നതിൽ ആഹ്ലാദിയ്ക്കുന്ന മാതാപിതാക്കളുണ്ടാകട്ടെ.

ട്രോൾ പേജുകൾ ജീവിതത്തിൽ നിന്നും രസകരമായ സംഭവങ്ങൾ അടർത്തിയെടുത്ത് നർമ്മഭാവന കലർത്തുന്നവയാണ്.  പുറത്തറിയാതെ മുങ്ങുമായിരുന്ന ഒരുപാടുവർത്തകൾ അവർ പുറത്തെത്തിച്ചിട്ടുമുണ്ട്. കോളെജ് വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകുന്ന അത്തരം പേജുകളിൽ വരുന്ന തിരിച്ചറിയാനാവാത്തവിധം ഇഴപിരിഞ്ഞ സ്ത്രീവിരുദ്ധത അവർ തന്നെ തിരിച്ചറിയുന്നില്ല. മെക്ക്റാണി ഏതൊരു പെൺകുട്ടിയേയും പോലെ തന്നെ സുരക്ഷിതയാവണം, പക്ഷേ അതു 59 ആങ്ങളമാർ കാണിയ്ക്കുന്ന കരുത്തിലാവേണ്ടതില്ല. പെങ്ങളായതുകൊണ്ടല്ല അവൾ അതർഹിയ്ക്കുനതും. ആങ്ങളയായും കാമുകനായും കൂട്ടുകാരനായും കൂടെയുള്ള ആൺകുട്ടികൾ കരുതൽ കാണിയ്ക്കേണ്ടത് ഷാളും സ്‌ലിറ്റും ശ്രദ്ധിച്ചുകൊണ്ടും അതിന് പ്രേരിപ്പിച്ചുകൊണ്ടും അല്ല, അവളുടെ വ്യക്തിത്വത്തിന് ഒരു തടസ്സുവുമില്ലാതെ വികസിയ്ക്കുവാൻ, സ്വയം പര്യാപ്തയാകുവാൻ നിങ്ങളുടെ അസ്സാന്നിദ്ധ്യത്തിലും ധൈര്യമായി മുന്നോട്ടുപോകുവാൻ അവൾക്കാവും എന്നുറപ്പു വരുത്തിക്കൊണ്ടാണ്

No comments:

Post a Comment