Saturday, 23 October 2010

ദസ്തയേവ്സ്കിയുടെ ഗന്ധം

മൂന്നാമത്തെ ആവര്‍ത്തി വായനയും കഴിഞ്ഞ് 'ഒരു സങ്കീര്‍ത്തനം പോലെ ' അനുരാധ തുറന്ന് തന്നെ നെഞ്ചോട് ചേര്‍ത്തു. പിന്നെ ചൂരല്‍ക്കസേരയിലെ അതേ ഇരിപ്പില്‍ പുസ്തകം മുഖത്തോട് ചേര്‍ത്ത് അതിന്റെ ഗന്ധം മുഴുവന്‍ ഉള്ളിലാക്കാനെന്ന വണ്ണം ആഞ്ഞ് ശ്വസിച്ചു.

വൃത്തിയില്ലാത്ത ഏതോ തെരുവിലെ കട്ടന്‍ ചായയുടെ കറ പുരണ്ട കഴുകാത്ത കോപ്പകളും , വലിച്ചു തീര്‍ത്ത ഹുക്കയുടെ അവശിഷ്ടങ്ങളും മുഷിഞ്ഞ തുണികളും എഴുതിയുപേക്ഷിച്ച കടലാസു കഷണങ്ങളും കൊണ്ട് വെടുപ്പ് നഷ്ടപ്പെട്ട ദസ്തയേവ്സ്കിയുടെ മുറി അപ്പോള്‍ അവളുടെ കണ്മുന്നില്‍ തെളിഞ്ഞു.മദ്യപാനിയും ചൂതാട്ടക്കാരനുമായ കഥാനായകന്റെ മുറിയുടെ ഗന്ധം അവളെ ലഹരി പിടിപ്പിക്കുന്നുണ്ടായിരുന്നു.അതേ ഗന്ധം തന്റെ കയ്യിലിരിക്കുന്ന പുസ്തകത്തിനെങ്ങനെ വന്നുവെന്ന് അവള്‍ അദ്ഭുതപ്പെട്ടു.

ചെറുപ്പം മുതലേ ശീലിക്കപ്പെട്ട അച്ചടക്കം അവളെ ഇപ്പോള്‍ അലോരസപ്പെടുത്തുന്നുണ്ട്.അലക്കി ഫേബ്രിക് കണ്ടീഷനര്‍ മുക്കി അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന ചുരിദാറുകളും ,നിര തെറ്റാതെ കപ് ബോര്‍ഡില്‍ ഇരിക്കുന്ന പുസ്തകങ്ങളും ചുളിവില്ലാത്ത കിടക്കവിരിയുമൊക്കെ അവളെ അസ്വസ്ഥയാക്കി.കോണ്‍വെന്റ് സ്കൂളിലെ ജീവിതത്തിനിടെ മുടങ്ങാതെ ലഭിക്കാറുണ്ടായിരുന്ന ക്ളെന്‍ലിനെസ്സ് അവാര്‍ഡില്‍ അഭിമാനിച്ചിരുന്ന കുട്ടിക്കാലത്തേയ്ക്ക് അവള്‍ മെല്ലെ യാത്രയായി.

പരസ്പരം കെട്ടിമറിഞ്ഞും ,മൈതാനത്തെ പൊടിമണ്ണില്‍ തിമിര്‍ത്തും ,ഇടവേളകള്‍ക്ക് ശേഷം ക്ലാസ്സിലേക്ക് കയറി വരുന്ന പോക്കിരിപിള്ളാരെ അവജ്ഞയോടെയേ നോക്കാവൂ എന്നവള്‍ക്ക് അറിയാമായിരുന്നു.കള്ളനും പോലീസുമൊക്കെയായി അവര്‍ പകര്‍ന്നാടിയപ്പോള്‍ അവള്‍ കളറിംഗ് ബുക്കിലെ കുത്തുകള്‍ യോജിപ്പിച്ച് സൂക്ഷ്മതയോടെ അതിനുള്ളില്‍ വാക്സ് കളര്‍ നിറച്ചു.വീഴ്ചയില്‍ പൊട്ടിയുണങ്ങിയ കാല്‍മുട്ടിലെ പൊറ്റന്‍ പൊളിച്ച് ആ വീഴ്ചയുടെ പിന്നിലെ സാഹസത്തിന്റെ കഥ അവര്‍ വീരസ്യത്തോടെ വിളംബിയപ്പോള്‍ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു നഷ്ടബോധം അവള്‍ക്കും തോന്നാതിരുന്നില്ല.എന്നിരുന്നാലും പൊടി പറ്റാത്ത യൂണിഫോമോ പോറലേല്‍ക്കാത്ത കാല്‍മുട്ടുകളോ നഷ്ടപ്പെടുത്തുവാന്‍ അവള്‍ക്കൊരിക്കലും ധൈര്യം വന്നില്ല.മുടങ്ങാതെ ലഭിച്ചിരുന്ന ക്ലെന്‍ലിനെസ്സ് അവാര്‍ഡുകള്‍ ആ അധൈര്യത്തിന് ഒരു പ്രോല്‍സാഹനമായി.

അന്നുമുതല്‍ ശീലിച്ചതാണ് ഹൃദയത്തിന്റെ വിളികള്‍ കേട്ടില്ലെന്ന് നടിക്കാന്‍.വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോഴെല്ലാം നേരിന്റെ, സ്വാതന്ത്ര്യത്തിന്റെ വഴികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിത്തന്നെയാണ് അവളുടെ ഹൃദയം നില കൊണ്ടത്.വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കും വെളിയിലുള്ള സാഹസങ്ങളിലാണ് ജീവിതത്തിന്റെ രസമെന്ന് പറഞ്ഞ ടോം സോയര്‍ തന്നെയായിരുന്നു അവളെ ആവേശം കൊള്ളിച്ചത്.പക്ഷേ കുഞ്ഞുനാളിലേ ചാര്‍ത്തപ്പെട്ട 'നല്ല കുട്ടിയുടെ ' മൂടുപടം ഊരിയെറിയുവാനുള്ള ധൈര്യം അവള്‍ക്കൊരിക്കലും കൈവന്നില്ല.അതുകൊണ്ട് തന്നെ പിന്നീട്  വീണ്ടും മുതിര്‍ന്നപ്പോള്‍ പ്രണയത്തിന്റേയും വിപ്ലവത്തിന്റേയും ഒക്കെ വിത്തുകള്‍ ഹൃദയത്തില്‍ ആര്‍ത്ത് വളരാന്‍ വെമ്പിയപ്പോഴെല്ലാം അതിന്റെ മുള്ളുകള്‍ നുള്ളി ഞരടി പക്വത പ്രകടിപ്പിക്കാനായിരുന്നു അവള്‍ ശ്രമിച്ചത്.

ഹൃദയത്തില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ വികാരങ്ങള്‍ മെല്ലെ മെല്ലെ അവളെ ഉപേക്ഷിച്ച് പോകാന്‍ തുടങ്ങിയിരുന്നു. ഇന്ന് സര്‍ക്കരാഫീസിലെ നിറം കെട്ട നാടയില്‍ കുരുങ്ങിയിരിക്കുന്ന കടലാസു തുണ്ടുകള്‍ തുറന്നും മറിച്ചും വീണ്ടും കുരുക്കിയും അവളുടെ ദിവസങ്ങള്‍ നിര്‍വികാരമായി കടന്നു പോകുന്നു. സൗഹൃദത്തിന്റെ കുളിര്‍മയും ,വിപ്ലവത്തിന്റെ ആവേശവും ,സഹജീവികളോടുള്ള കരുണയും ഒന്നും അവശേഷിക്കാത്ത സ്വന്തം ഹൃദയം ഒരു കനത്ത ഭാരമായാണ് അവള്‍ക്കിപ്പോള്‍ അനുഭവപ്പെടുന്നത്.

ഇന്നു സ്വന്തം മുറിയുടെ ഏകാന്തതയില്‍,അനുരാധയെന്ന് മനോഹരമായി ആലേഖനം ചെയ്ത പഴയ റെക്കോര്‍ഡ് ബുക്കുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും നടുവില്‍ ഇരിക്കുമ്പോള്‍ ഇതിനൊക്കെ തന്റെ ജീവിതത്തിന് ഇനിയെന്തര്‍ത്ഥമാണുള്ളതെന്ന ചിന്ത അവളില്‍ വീണ്ടും അസ്വസ്ഥത നിറച്ചു.ഹൃദയം നിനച്ച പോലെ ജീവിക്കാന്‍ ഇനിയെങ്കിലും ധൈര്യപ്പെട്ടിരുന്നെങ്കിലെന്നു കൊതിച്ചു.

പ്രസാധകരുടെ കയ്യില്‍ നിന്നും മുന്‍കൂറായി വാങ്ങിയ പണം ചൂത് കളിച്ച് തീര്‍ക്കുകയും , ഒടുവില്‍ പറഞ്ഞ സമയത്ത് നോവല്‍ പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന ദസ്തയേവ്സ്കി അവളുടെ മനസ്സിലേക്ക് വീണ്ടും കടന്ന് വന്നു.ആ ജീവിതത്തിന്റെ അനിശ്ചിതത്തിന് അലറിയാര്‍ത്തൊഴുകുന്ന ഒരു നദിയുടെ വന്യമായ സൌന്ദര്യം അവള്‍ക്ക് അനുഭവപ്പെട്ടു. ലഹരിപിടിപ്പിക്കുന്ന ആ ഗന്ധത്തിനായി കസേരയില്‍ ചാരി കണ്ണുകളടച്ച് പുസ്തകം അവള്‍ വീണ്ടും നെഞ്ചോട് ചേര്‍ത്തു.

************************************************************************************

NB :ആദ്യത്തെ ആറ്‌  കമന്റുകള്‍ക്ക് ശേഷം തിരുത്തിയെഴുതിയത്.പഴയതിനേക്കാള്‍ അല്‍പമെങ്കിലും മെച്ചപ്പെട്ടെന്ന് കരുതുന്നു.

-മിണ്ടാപ്പൂച്ച

12 comments:

  1. enikku manassilayilla than enthanu udheshichathennu..what was this post..

    ReplyDelete
  2. "ലഹരിപിടിപ്പിക്കുന്ന ആ ഗന്ധത്തിനായി കസേരയില്‍ ചാരി കണ്ണുകളടച്ച് പുസ്തകം അവള്‍ വീണ്ടും നെഞ്ചോട് ചേര്‍ത്തു" ഈ വരികള്‍ വളരെ മനോഹരം , എനിക്ക് ഇഷ്ടമായി , ഒരിക്കല്‍ നടന്ന അക്ഷരപാതകളിലൂടെ വീണ്ടും നടകുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് എന്തിനുവേണ്ടിയാണ് ഈ നടത്തം , ഈ അലച്ചില്‍ . ഒരു പക്ഷേ ഒരു ദസ്തയേവ്സ്കിയുടെ ഗന്ധത്തിനു വേണ്ടിയാവാം അല്ലെങ്കില്‍ എന്തിനോ വേണ്ടി ?
    .........................................
    പിന്നേ ഇതിനു കഥയുടെ സ്വഭാവം ഇല്ല എന്നൊക്കെ പറഞ്ഞാല്‍ മനസിലാവുന്നില്ല , കഥകല്കൊക്കേയ് സ്വഭാവം വേണമെന്ന് ഉണ്ടോ? ആവോ ? .

    ReplyDelete
  3. മനൂ.,വളരെ മോശം..ഇത്രയും സര്‍ഗ്ഗാത്മകമായ രചന സ്വന്തം സുഹൃത്തിന്റെ ബ്ളോഗില്‍ വായിക്കാന്‍ ഭാഗ്യം ചെയ്യണം ..ഭാഗ്യം ..എന്നിട്ടു മനസ്സിലായില്ല പോലും .Pity on you...
    {ഇനി സത്യം പറയാം..ഉദ്ദേശിച്ചത് ഒരു കഥ എഴുതാനാ..എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി..അത്ര മാത്രം}

    ഗോസ്റ്റിന് നന്ദി...എന്തൊക്കെയോ മനസ്സിലായല്ലോ..സന്തോഷായി..

    ReplyDelete
  4. കാവ്യ,
    അലസമായാണ് ഞാന്‍ വായിച്ചു തുടങ്ങിയത്.. പക്ഷെ പിന്നീട് അതിനു മനസ്സില്‍ മാപ്പ് പറഞ്ഞ് വീണ്ടും മനസ്സിരുത്തി വായന തുടര്‍ന്നപ്പോളേക്കും നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പോലെ വഴിയില്‍ വച്ച് ഇത് ബ്രേക്ക് ഡൌണാക്കികളഞ്ഞു. പോസ്റ്റിന്റെ (കഥ എന്ന് ഞാന്‍ വിളിക്കുന്നില്ല) ചുവടെ കാവ്യ തന്നെ ഒരു കുറിപ്പായി കഥയായെഴുതാന്‍ ശ്രമിച്ചെന്നും നടക്കാതിരുന്നത് കൊണ്ട് പിറന്നപടി പോസ്റ്റുന്നു എന്നും പറഞ്ഞു കണ്ടു. പക്ഷെ ഒന്ന് ഞാന്‍ പറയാം. എന്തൊക്കെയോ പറയാനുണ്ടായിരുന്നു കാവ്യക്ക്.. അതും മനോഹരമായ ഒരു ഭാഷയില്‍..

    സത്യത്തില്‍ കാവ്യയുടെ വാക്കുകളില്‍ ദസ്തയേവ്സ്കിയുടെ മുറി എന്റെ കണ്മുന്നിലും ഒരു നിമിഷം കടന്ന് വന്നതാണ്. അവിടേക്ക് കോണിപ്പടികള്‍ ഓടിക്കയറി വരുന്ന അന്ന ഗ്രിഗറീനയേയും ഞാന്‍ കണ്ടു. അവളുടെ കൈയില്‍ ചൂതാട്ടക്കാരന്റെ കൈയെഴുത്തുപ്രതിയും ഉണ്ടായിരുന്നു. പക്ഷെ, എന്തോ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ പെരുമ്പടവത്തിന്റെ മഹത്തായ രചനയില്‍ തുടങ്ങിയിട്ട് എവിടെയോ പെട്ടന്ന് കാവ്യ അത് ഇട്ട് കളഞ്ഞപ്പോള്‍ വിഷമം തോന്നി. അതുകൊണ്ടാണ് ഇത്രയും സുദീര്‍ഘമായ ഒരു കമന്റ് എഴുതിയത്.. ഇതിപ്പോള്‍ പോസ്റ്റിനേക്കാള്‍ വലിയ കമന്റായെന്ന് തോന്നുന്നു. ശക്തമായ ഭാഷ കൈവശമുള്ളപ്പോള്‍ തീര്‍ച്ചയായും കാവ്യക്ക് മനോഹരമായി എഴുതാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  5. മനോരാജ്,
    I am honoured with that comment.സത്യമായും എന്തൊക്കെയോ പറയാന്‍ ഉണ്ടായിരുന്നു.അത് പുറത്തേക്കു വരാത്തത് പോലെ..ഇതിനെ നല്ലൊരു വായനാനുഭവം ആക്കി വളര്ത്താന് ‍ ഞാന്‍ ശ്രമിക്കാം.ഇല്ലെങ്കില്‍ അത് എന്നോടും എന്നെ വായിക്കുന്നവരോടും ഉള്ള നിതികേടാകും എന്ന് ഇപ്പോള്‍ തോന്നുന്നു.
    അഭിപ്രായത്തിന് ഒരായിരം നന്ദി.

    ReplyDelete
  6. മനു പറഞ്ഞപോലെ ചുമ്മാ വായിച്ചു തള്ളാനുള്ള ശ്രമത്തിലാർന്നു.. വായിച്ചു കഴിഞ്ഞപ്പോൾ അബദ്ധമായി (വായനയല്ലാട്ടൊ, എന്റെ മുൻ‌വിധി)എന്ന് മനസ്സിലായി. കഥ എന്നരീതിയിൽ വളർത്തിയില്ലെങ്കിലും ഈ കുറിപ്പിൽ നിന്നു തന്നെ തന്റെ ആവിഷ്കാരശക്തി പ്രകടമാണു.

    നല്ല ഭാഷ കയ്യിലുണ്ടാവുക എന്നതു തന്നെ ഒരു അനുഗ്രഹമാണു. ശക്തമായ ഭാഷയും സർഗശക്തിയും കൊണ്ട് വായനക്കാരനെ ‘കഥാപാത്രത്തിന്റെ ലോകത്തിലേക്ക്’ കൊണ്ട് പോവാൻ കാവ്യക്കും സാധിക്കട്ടെ....എല്ലാവിധ ആശംസകളും

    ReplyDelete
  7. കാവ്യേ..ഇത് അടിപൊളി ആയിട്ടുണ്ട് ട്ടോ..മനോഹരമായി എഴുതി (ആത്മാര്‍ഥമായി തന്നെ പറഞ്ഞതാണേ..)...മനുവും പ്രവീണും പറഞ്ഞതുപോലെ വെറുതെ കറങ്ങി തിരിഞ്ഞു ഇറങ്ങിയതാണ് ഞാന്‍...ഹരീഷേട്ടന്റെ പോസ്റ്റിലെ കമന്റില്‍ നിന്നാണ് ഇ ലിങ്ക് കിട്ടിയേ...എന്തായാലും വന്നത് വെറുതെ ആയില്ല...

    ReplyDelete
  8. കാവ്യ,
    ഞാന്‍ അടുത്ത കാലത്താണ് 'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചത്. അതിന്റെ വെളിച്ചത്തില്‍ തന്റെ ഈ പോസ്ടിനോടുള്ള എന്റെ അഭിപ്രായവും മാറി. തന്റെ പോസ്റ്റ്‌ വീണ്ടും വായിക്കാന്‍ എന്നെ അത് പ്രേരിപിച്ചു. ഇപ്പോഴാണ്‌ ശരിക്കും ഇതിനെ ഗ്രഹിക്കാന്‍ ആയതു. ഒരു കഥയുടെ സ്വഭാവം ഇല്ലെങ്കിലും, മനസ്സിനെ സ്വാദീനിക്കുന്ന ഒരു ഘടകം ഇതിലുണ്ടെന്ന് തോന്നുന്നു. അവ്യക്തമായി നിഴലിക്കുന്ന വിഷാദ ഭാവം; വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന നഷ്ടബോധം; ദാസ്ടയോവിസ്കിയുമായി താദാത്മ്യം പ്രാപിക്കാനുള്ള ഇച്ഹ-ഇതൊക്കെ വളരെ ഹൃദ്യമായി തോന്നി. എന്റെ ആദ്യത്തെ വായന വളരെ അലസമായ ഒന്നായിരുന്നു. അതിനു ശേഷം ഞാന്‍ രേഖപ്പെടുത്തിയ അടിസ്ഥാനരഹിതമായ അഭിപ്രായത്തില്‍ എനിക്ക് ഖേദം തോന്നുന്നു. ഇത് പൂര്‍ണമായി എഴുതുക. ഒരു നല്ല കൃതിയുടെ അടയാളങ്ങള്‍ ദ്രിശ്യമാണ്.
    P.S - എന്നെ 'ഒരു സങ്കീര്‍ത്തനം പോലെ' വായിക്കാന്‍ പ്രേരിപ്പിച്ചതും കാവ്യയുടെ ഈ പോസ്റ്റ്‌ ആണ്. ഞാന്‍ അതില്‍ നന്ദി പറയുന്നു.

    ReplyDelete
  9. മനൂ,
    ഖേദപ്രകടനത്തിന്റെ ഒന്നും ആവശ്യമില്ല..ഈ പോസ്റ്റ് ഒരു നല്ല വായനയ്ക്ക് പ്രേരണയായതില്‍ ഏറെ സന്തോഷം .
    "അവ്യക്തമായി നിഴലിക്കുന്ന വിഷാദ ഭാവം; വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന നഷ്ടബോധം; ദസ്തയേവ്സ്കിയുമായി താദാത്മ്യം പ്രാപിക്കാനുള്ള ഇച്ഹ-ഇതൊക്കെ വളരെ ഹൃദ്യമായി തോന്നി. "-ഹൊ ഇതിലപ്പുറം എനിക്കെന്ത് വേണം ?..Thanks a lot..

    ReplyDelete
  10. ഞാന്‍ ഏറ്റവും കൂടുതല്‍ വായിക്കണം എന്നാഗ്രഹിച്ചു നടക്കുന്ന പുസ്തകം ആണത് . എന്തോ, വാങ്ങി വെച്ചിട്ടുണ്ട് . എന്തോ ഇതുവരെ തുറന്നു നോക്കിയിട്ടില്ല. അതിനൊരു സമയമുണ്ട് അതിനായി കാത്തിരിക്കുന്നു .
    പോസ്റ്റ്‌ വായിച്ചു ,കമന്റുകളും .
    തുടക്കം വളരെ നന്നായി, പക്ഷെ പിന്നീട് ആ ഒരു മനോഹാരിത തോന്നിയില്ല. ചിലപ്പോള്‍ മനു വിനു പറ്റിയത് പോലെയാവം.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete