Tuesday, 13 May 2014

എന്തുകൊണ്ടെന്നാൽ ജീവിതം സുന്ദരമാകുന്നു..


 Life is as beautiful as you perceive it- ലൈഫ് ഈസ് ബ്യൂട്ടിഫുൾ(La vita è bella, 1997) എന്ന ഇറ്റാലിയൻ ചലച്ചിത്രം നമ്മോട്  പറയുന്നത് അതാണ്. രണ്ടാം ലോകമഹായുദ്ധകാലമാണ് സിനിമയുടെ പശ്ചാത്തലം. കോൺസണ്ട്രെഷൻ ക്യാമ്പിലെ ദുരിതജീവിതത്തെ ഒരു അഡ്വെഞ്ചർ ഗെയിമായി അവതരിപ്പിച്ചുകൊണ്ട് ആറുവയസ്സുകാരനായ മകനെ അതിജീവനത്തിനു പ്രാപ്തനാക്കുന്ന ഒരച്ഛന്റെ ജീവിതം അത്രമേൽ മനോഹരമായി തെളിയുന്നുണ്ട് ഈ ചലച്ചിത്രത്തില്‍. നായകനായ ഗീഡോ ഓർഫീസിന്റെ വ്യക്തിജീവിതത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ ആ കാലഘട്ടത്തില്‍ സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജൂതവിരുദ്ധത ശക്തമായി വരച്ചുകാണിയ്ക്കുന്നുണ്ട് സിനിമയിൽ.

നായകൻ ജോലി തേടി നഗരത്തിലേയ്ക്കു കുടിയേറുന്നിടത്താണ് സിനിമ തുടങ്ങുന്നത്.  അവിടെവെച്ച് അയാൾ അവിചാരിതമായി കണ്ടുമുട്ടുന്ന എലിമെന്ററി സ്കൂൾടീച്ചറായ  ഡോറയാണ് നായിക. ഡോറയോടു പ്രണയം പറയുന്നതിനും മുന്നേ അവളോടിടപെടുവാൻ അവിചാരിതമായിക്കിട്ടിയ പല സന്ദർഭങ്ങളും ഏറെ കുസൃതിയോടെ ഗീഡൊ ഉപയോഗിക്കുന്നതും അവിചാരിതമെന്നവൾക്കു തോന്നുംവിധം അത്തരം സന്ദർഭങ്ങളുണ്ടാക്കുന്നതും സിനിമയുടെ ആദ്യപാതി ഏറ്റം രസകരമാക്കുന്നുണ്ട്. ആര്യന്മാരുടെ വംശീയമായ മേന്മകളെക്കുറിച്ച് സ്കൂൾകുട്ടികളോട് സംവദിക്കാനെത്തുന്ന ഓഫീസറായിച്ചമഞ്ഞ് ജൂതനായ നായകൻ വംശീയതയെ വ്യംഗ്യമായി പുച്ഛിക്കുന്ന അത്യന്തം മനോഹരമായ രംഗം അത്തരത്തിലൊന്നാണ്.

നഗരത്തിലൊരു ബുക്ക്ഷോപ്പ് തുടങ്ങാനുള്ള ശ്രമങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി ഫലം കാണാതെ വരുമ്പോൾ ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലിനോക്കുകയാണ് ഗീഡോ. അതിനിടെ ഡോറയുടെ അമ്മയുടെ നിർബന്ധത്തിൽ അവളുടെ വിവാഹ നിശ്ചയപ്പാർട്ടി അതേ ഹോട്ടലിൽ വെച്ച് നടക്കുന്നു. ചടങ്ങുകൾക്കിടയിൽ നിന്ന് വളരെ നാടകീയമായി അവളെയും കൊണ്ട് പുറത്തുകടക്കുകയാണ് ഗീഡൊ. പിന്നീട് അവരൊരുമിച്ചൊരു ജീവിതം തുടങ്ങുന്നു. 

ഇതുവരെ പ്രണയവും കുസൃതിയും നിറഞ്ഞ സിനിമയുടെ ഗതി കീഴ്മേൽ മറിയുന്നത് ഇവരുടെ മകൻ ജോഷ്വായുടെ പിറന്നാൾ ദിനത്തിലാണ്. കോൺസണ്ട്രേഷൻ ക്യാമ്പിലേയ്ക്ക് അയയ്ക്കപ്പെടാനുള്ള ജൂതരിൽ ഗീഡോയും ജോഷ്വായും ഉൾപ്പെടുന്നു. ഇതറിയുന്ന ഡോറ, സൈനികഓഫീസറുടെ അനുമതിയോടെ ക്യാമ്പിലേയ്ക്ക് എത്തുന്നു. പക്ഷേ സ്ത്രീകൾക്കായുള്ള പ്രത്യേക സെക്ഷനിലായതിനാൽ അവർക്കൊരിക്കലും ഭർത്താവിനേയോ മകനേയോ അവിടെവെച്ച് കാണാൻ സാധിക്കുന്നില്ല.

പിറന്നാൾദിനത്തിൽ താനൊരുക്കിയ വിനോദയാത്രയായിട്ടാണ് ക്യാമ്പിലേയ്ക്കുള്ള യാത്രയെ കൊച്ചുജോഷ്വായുടെ മുന്നിൽ ഗീഡൊ അവതരിപ്പിക്കുന്നത്. അവന് കോണ്‍സണ്ട്രേഷന്‍ ക്യാമ്പെന്നാൽ ജയിക്കാനേറെ ബുദ്ധിമുട്ടുള്ള ഒരു റിയൽ ലൈഫ് ഗെയിമാകുന്നു. ആയിരം പോയിന്റുനേടി ഒന്നാം സമ്മാനമായ യുദ്ധട്ടാങ്കര്‍ സ്വന്തമാക്കുകയാണ് ജോഷ്വായുടെ ലക്ഷ്യം. അമ്മയെച്ചോദിച്ച് കരയാതിരിക്കുന്നതും വിശന്നാലും കേക്കിനായി വാശിപിടിക്കാതിരിക്കുന്നതുമൊക്കെ അവനു കളിനിയമങ്ങളാണ്.

കുട്ടികളേയും രോഗികളേയും വൃദ്ധരേയുമൊക്കെ പോറ്റുന്നത് അര്‍ത്ഥമില്ലെന്ന് കണ്ട്  'ഗ്യാസ്ചേംബര്‍കുളി'യ്കായി ഇവരേയൊക്കെ കൊണ്ടുപോകുമ്പോള്‍ കുളിയ്കാനുള്ള മടികൊണ്ട് കൊച്ചുജോഷ്വാ ഓടി രക്ഷപ്പെടുന്നുണ്ട്. അതിനുശേഷം ആരുടേയും കണ്ണില്‍പ്പെടാതെ ഒളിച്ചിരിക്കുകയെന്ന പുതിയകളിനിയമം കൂടി ഗീഡോയ്ക്ക് അവതരിപ്പിക്കേണ്ടിവരുന്നു. ക്യാമ്പിലെ മറ്റുകുട്ടികളെല്ലാം ഇതുപോലെ ഒളിച്ചിരിക്കുന്നതുകൊണ്ടാണ് അവനാരേയും കാണാനോ കളിക്കാനോ സാധിക്കാത്തതും എന്നും കൂടി ജോഷ്വാ വിശ്വസിക്കുന്നു.

ഒടുവില്‍  അമേരിക്കന്‍ സൈന്യം ക്യാമ്പുവളയുവാനെത്തുന്ന ഘട്ടത്തില്‍ ഡോറയെത്തേടിയിറങ്ങുന്ന ഗീഡോ സൈനികരാല്‍ പിടിക്കപ്പെടുന്നു. വധിക്കുവാനായികൊണ്ടുപോകുമ്പോള്‍പ്പോലും ഒളിച്ചിരിക്കുന്ന ജോഷ്വായുടെ കാഴ്ചയില്‍ അതും കളിയുടെ ഭാഗമെന്നോണം അഭിനയിക്കുന്നുണ്ട് അയാള്‍. ക്യാമ്പു പൂര്‍ണ്ണമായും അമേരിക്കന്‍ സൈന്യം ഏറ്റെടുത്ത് യുദ്ധത്തിന്റെ ശബ്ദകോലാഹലങ്ങളൊക്കെയടങ്ങുമ്പോള്‍ പുറത്തുവരുന്ന ജോഷ്വാ കാണുന്നത്  പെട്രോളിങ്ങിനായി കടന്നുവരുന്ന അമേരിക്കന്‍ ടാങ്കറാണ്. കളിയില്‍ ജയിച്ച തന്റെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന സമ്മാനമായി അതിനെ കാണുന്ന ആ കുട്ടിയ്ക്ക് സന്തോഷം അടക്കാനാവുന്നില്ല. അതിലുണ്ടായിരുന്ന അമേരിക്കന്‍ പട്ടാളക്കാരന്‍ അവനേയും കൂടി അതില്‍ കയറാനനുവദിയ്ക്കുന്നു. അപ്പോള്‍ താഴെ മറ്റനേകം ക്യാമ്പംഗങ്ങളോടൊപ്പം മോചിപ്പിക്കപ്പെട്ട അമ്മയെക്കണ്ട അവന്‍, താന്‍ കളിയില്‍ ജയിച്ചവിവരം അമ്മയെ ചേര്‍ത്തണച്ചറിയിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

പശ്ചാത്തലത്തില്‍ നടമാടുന്ന ക്യാമ്പിന്റെ ക്രൂരതകളൊക്കെയും നായകന്‍ തന്റെ തന്മയത്വം കൊണ്ട് മറച്ചുവെയ്ക്കുന്നത് ജോഷ്വായില്‍ നിന്നുമാത്രമല്ല, ഓരോപ്രേക്ഷകനില്‍ നിന്നുംകൂടിയാണ്. ജോഷ്വായുടെ പിഞ്ചുമനസ്സിനോളം നിഷ്കളങ്കത കൈമുതലായിരുന്നെങ്കില്‍ മുഴുനീളം ചിരിച്ചാസ്വദിക്കാനുള്ളത്രയും വകയുണ്ടാകുമ്പോഴും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ബോധം നമ്മില്‍ അസ്വസ്ഥത തസൃഷ്ടിച്ചുകൊണ്ടേയിരിക്കും.  തൊഴിലന്വേഷിയായും കാമുകനായും കുടുംബസ്ഥനായും കോണ്‍സണ്ട്രേഷന്‍ക്യാമ്പന്തേവാസിയായും പലവേഷത്തില്‍ നമുക്കുമുന്നിലെത്തുമ്പോഴും  രസികത്തം വെടിയാതെ കാക്കുന്നുണ്ട് നായകനായ ഗീഡോ.

റെസ്റ്റോറന്റ്  ജീവനക്കാരനായിരുന്ന കാലത്ത്  കടങ്കഥപ്രിയനായ ഒരു ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കൗതുകത്തോടെ ഉത്തരം തേടുന്ന ഗീഡോ ക്യാമ്പില്‍ വെച്ച് ആ ഡോക്ടറെ വീണ്ടും കാണുമ്പോഴും അതേ ഭാവത്തില്‍ തന്നെ കടങ്കഥകള്‍ക്ക് മറുപടി പറയുന്നത് നമ്മെ അദ്ഭുതപ്പെടുത്തും. അന്തേവാസികള്‍ക്കായി നിര്‍ദ്ദേശങ്ങളറിയിക്കാനുള്ള ഉച്ചഭാഷിണിയിലൂടെ തങ്ങളിവിടെ ക്യാമ്പില്‍ സന്തോഷമായിരിക്കുന്നുവെന്ന് ഡോറയെ അറിയിക്കുന്നത് അത്യന്തം ഊഷ്മളമായ ഒരു രംഗമാണ്. അവരുടെ അസ്സാന്നിദ്ധ്യത്തിലും ആ സ്വരങ്ങള്‍ അവള്‍ക്ക് പ്രതീക്ഷയും കരുത്തും നല്‍കിയിട്ടുണ്ടാവണം. എത്രകഠിനമെങ്കിലും ജീവിതമെന്നത് നാമാഗ്രഹിക്കുവോളം സുന്ദരമായിരിക്കുമെന്നുള്ള ഒരു ഓര്‍മ്മെപ്പെടുത്തലാണീ ചലച്ചിത്രം.

മുതിര്‍ന്ന ജോഷ്വാ ആഖ്യാനം ചെയ്യുന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നായകകഥാപാത്രത്തെ അവതരിപ്പിച്ച റോബര്‍ട്ടോ ബെനിഞ്ഞിയാണ്. അദ്ദേഹത്തിന്റെ ജീവിതസഖിയായ നിക്കോള ബ്രാഷിയാണ് ഡോറയ്ക്ക് ജീവന്‍ നല്‍കിയത്. മികച്ചനടനും മികച്ച അന്യഭാഷാചിത്രത്തിനുമടക്കമുള്ള ഓസ്കാറുകള്‍ കരസ്ഥമാക്കിയ ഈ ചിത്രം കാണാതിരിക്കുന്നത് ചലച്ചിത്രപ്രേമിയല്ലാത്തവര്‍ക്കുപോലും നികത്താനാവാത്ത ഒരു നഷ്ടമായിരിക്കും. 

1 comment: