Monday, 5 May 2014

സാരിയെന്നൊരു മുറിവ്, അതുണക്കാൻ കോട്ടെന്നൊരു മരുന്നും


നാലാമിടം പോര്‍ട്ടലില്‍ 2013 സെപ്റ്റംബര്‍ 23 നു് പ്രസിദ്ധീകരിച്ചതു് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
“ടീച്ചര്‍മാര് സാരി ധരിക്കുന്നതാണ് നമ്മുടെ സംസ്കാരത്തിന് ചേരുന്നത്. അങ്ങനാകുമ്പോള്‍ കുട്ടികള്‍ക്കു ബഹുമാനിക്കാനും തോന്നും”
“കാലം പഴേതല്ല. ഇപ്പോഴത്തെ കുട്ടികളുടെ ഒന്നും ചിന്ത ശരിയല്ല”
“അതുകൊണ്ട് ഈ വയറൊക്കെ പുറത്തു കാണാതിരിക്കാന്‍ കോട്ടിട്ടു ക്ലാസ്സെടുക്കുന്നത് തന്നെയാണ് നല്ലത്”
മേലുദ്ധരിച്ച സംഭാഷണശകലങ്ങള്‍ പലയിടങ്ങളില്‍ പലസന്ദര്‍ഭങ്ങളില്‍ കാതില്‍ പതിഞ്ഞിട്ടുള്ളതാണ്. കണ്ണടച്ചിരുട്ടു സൃഷ്ടിച്ചിരിക്കുന്നവരെ നേര്‍വഴികാണിക്കാന്‍ വിളക്കു കൊളുത്തിയിട്ടു കാര്യമില്ലല്ലോ എന്ന് ചിന്തിച്ചു തന്നെ ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുക എന്ന അപരാധം പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷേ ‘സംസ്കാരം’ നിയമമായി അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

വേഷം: പരിണാമദശയിലെ ഒരേട്

വേഷം സംസ്കാരത്തിന്റെ ഭാഗം തന്നെ സംശയമില്ല. പക്ഷേ സമൂഹവും സംസ്കാരവും പരിണാമത്തിനതീതമല്ല. എന്ന് മാത്രമല്ല തുടര്‍ച്ചയായ, പുരോഗമനാത്മകമായ പരിണാമം തന്നെയാണ് സംസ്കാരത്തിന്റെ കാതല്‍. ഓരോ വ്യക്തിയേയും കൂട്ടത്തേയും സമൂഹത്തേയും ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്ന അതിജീവനശേഷിയുള്ളവരാക്കിത്തീര്‍ക്കുന്ന ഒന്നാണ് പരിണാമം.
സമൂഹവും സംസ്കാരവും മാറ്റത്തിനു മുഖം തിരിച്ചിരുന്നുവെങ്കില്‍ നമ്മളിപ്പോഴും വേദം കേട്ടാല്‍ അവര്‍ണ്ണന്റെ കാതില്‍ ഈയമൊഴിക്കുമായിരുന്നു, മാറുമറയ്ക്കാന്‍ പാടില്ലാത്തവരാകുമായിരുന്നു, ഉടന്തടി ചാടുമായിരുന്നു, അടുക്കളയില്‍ നിന്നും അരങ്ങിലേയ്ക്കൊരു വഴി ഒരിക്കലും ഉണ്ടാകാതിരിക്കുമായിരുന്നു.
ശാസ്ത്രമുന്നേറ്റത്തിന്റെയും സമൂഹികപരിണാമത്തിന്റെയും ഒക്കെ ഫലമായി സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ സമൂഹത്തിന്റെ മൊത്തം ക്രിയാശേഷിയാണ് വര്‍ദ്ധിക്കുന്നത്. അതുള്‍ക്കൊണ്ടതു കൊണ്ടാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്‍മാര്‍ പാന്റിലേയ്ക്കും സ്ത്രീകള്‍ ചുരിദാറിലേയ്ക്കും മാറിയത്. പക്ഷേ, മാറ്റത്തിന്റെ കാറ്റേല്‍ക്കാതെ നില്‍ക്കുന്ന ചില ആചാരപരമായ ചടങ്ങുകളില്‍ അക്കാരണം കൊണ്ടു തന്നെ സൗകര്യം മറന്ന് സാരിയും മുണ്ടും മിക്കവരും തിരഞ്ഞെടുക്കാറുണ്ടെന്നത് മറ്റൊരു കാര്യം. സൗകര്യത്തേക്കള്‍ സൗകുമാര്യത്തിന് ഇടം കൊടുക്കുന്ന സന്ദര്‍ഭങ്ങളില്‍, തികച്ചും അനൗപചാരികമായ ഇടങ്ങളില്‍, അല്ലെങ്കില്‍ സ്വന്തം സൗകര്യം അല്ലെങ്കില്‍ ഇഷ്ടം ഇന്നതാണെന്നറിഞ്ഞ് ഒക്കെ വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ ശരികേടൊന്നുമില്ല താനും.

അഞ്ചുമീറ്റര്‍ തുണിയും അധ്യാപികമാരും
എന്നാല്‍ പകല്‍ മുഴുവനും ഊര്‍ജ്ജസ്വലരായ ഒരു കൂട്ടത്തിനിടയില്‍ ആ ഊര്‍ജ്ജനിലയില്‍ ഒട്ടും കുറയാതെ നില്‍ക്കേണ്ടി വരുന്ന അദ്ധ്യാപികമാരെ അഞ്ച് മീറ്ററിലേറെ നീളം വരുന്ന തയ്യലേതുമില്ലാത്ത ഒരു തുണിക്കഷണത്തില്‍ സ്വയം പൊതിഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥയിലെത്തിക്കുന്ന സാംസ്കാരപ്രണയത്തിന് എന്ത് നിതീകരണമാണുള്ളതു്? ഗാര്‍ഹികജോലിയുടെ ഭാരം ഒറ്റയ്ക്കേറ്റേണ്ടി വരുന്ന പലരും ഈ ‘പൊതിഞ്ഞെടുക്കലിനായി’ സമയം കണ്ടെത്താന്‍ അതിരാവിലെ ഉറക്കം വെടിഞ്ഞ് ബുദ്ധിമുട്ടുന്നതിന് എന്തു ന്യായീകരണമാണുള്ളത്? തിരക്കുള്ള ബസ്സില്‍ ഇതഴിയാതിരിക്കാന്‍ പാടുന്ന് പങ്കപ്പാടിന് എന്ത് ന്യായീകരണമാണുള്ളത്? മഴനേരങ്ങളില്‍ നനഞ്ഞൊട്ടി സ്വതന്ത്രസഞ്ചാരം പോലും വിലക്കുന്ന ഈ വേഷത്തില്‍ അദ്ധ്യാപികമാരെ തളച്ചിടുന്നതില്‍ എന്തു നീതീകരണമാണുള്ളത്? സര്‍വോപരി അദ്ധ്യാപികയ്ക്ക് ബൗദ്ധിക-സര്‍ഗ്ഗവ്യാപാരങ്ങളിലേയ്ക്കൊന്നും വിടാനിടകിട്ടാത്തവണ്ണം ചിന്തയെ വേഷത്തില്‍ തളയ്ക്കേണ്ടി വരുമ്പോള്‍ നഷ്ടം യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു കൂടിയാണെന്ന് പറയാതിരിക്കുവതെങ്ങനെ?
ഈ വേഷം കൊണ്ടുണ്ടാവുന്ന ഭൗതികമായ വിഷമതകള്‍ സൂചിപ്പിച്ചുവെങ്കിലും, അതിലേറെ ഈ അടിച്ചേല്‍പ്പിക്കല്‍ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് എന്നതുകൊണ്ടുകൂടിയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നത്. പ്രത്യേകിച്ചും ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ മേല്‍ ഇത്തരം സാംസ്കാരിക മാമൂലുകളൊന്നും ഇല്ല എന്ന് വസ്തുത കൂടി പരിഗണിക്കുമ്പോള്‍.

ദേശാഭിമാനി വാര്‍ത്ത


സാരിയും ബഹുമാനവും
സാരി കണ്ടാല്‍ ബഹുമാനിക്കാന്‍ തോന്നുമെന്നു പറയുന്നതിലെ സാംസ്കാരികയുക്തി ഉള്‍ക്കൊള്ളാനാവുന്നില്ല. അദ്ധ്യാപികയ്ക്ക് തന്റെ വിദ്യാര്‍ത്ഥികളുടെ മേല്‍ വേഷം കൊണ്ട് മേല്‍ക്കൈ നേടേണ്ടി വരുന്ന അവസ്ഥ അവളുടെ പരാജയമല്ലേ? അറിവുകൊണ്ടും ചിന്തകൊണ്ടും യുക്തികൊണ്ടും വിനയംകൊണ്ടും സ്നേഹംകൊണ്ടും ആത്മാഭിമാനം വ്യക്തിത്വം കൊണ്ടും ബഹുമാനം നേടട്ടേ. അതല്ലാതുള്ള ബഹുമാനം വെറും വേഷത്തോടല്ലേ, അതുവേണ്ടല്ലോ?
പുതിയ തലമുറയുടെ സാംസ്കാരിക അപചയമാണടുത്ത വാദം. ഈ ആരോപണമുന്നയിക്കുന്ന ‘പഴയ’ തലമുറയോടും ആരോപണവിധേയരായ പുതിയതലമുറയോടും സ്ത്രീപുരുഷഭേദമെന്യേ പറയുവാനുള്ളത് പെണ്ണ് ഒരശ്ലീലപദമല്ലെന്നാണ്. അവളുടെ ശരീരവും അശ്ലീലമല്ല. സാരി പോലൊരു വേഷം ചുറ്റി വരുമ്പോള്‍ കാണാനിടയുള്ള വയറിന്റെ ഒരിത്തിരി നഗ്നത അശ്ലീലവും പ്രകോപനപരവുമെന്ന്കരുതുന്നവരുടെ കാഴ്ചയിലാണ് ശീലക്കേടിരിക്കുന്നത്. മുഴുനീളം മറയാന്‍ പെണ്‍മേനിക്കു സാരി നിരോധിച്ചു ചുരിദാര്‍ നിര്‍ബന്ധമാക്കുന്ന അവസ്ഥയും അതുകൊണ്ടു തന്നെ എതിര്‍ക്കേണ്ടതാകുന്നു.
നാലഞ്ചു പാളിയുള്ള സാരിവേഷത്തിനു മുകളില്‍ ഒരു കോട്ടുകൂടിയിട്ടു ശരീരം മറയ്ക്കാനാവശ്യപ്പെടുന്ന കീഴ്‌വഴക്കം പെണ്ണ് ശരീരം മാത്രമാണെന്ന മൂല്യബോധമാകും ഊട്ടിയുറപ്പിക്കുക. അതാകട്ടെ പരക്കെ എതിര്‍ക്കപ്പെടാറുള്ള പര്‍ദ്ദസമ്പ്രദായത്തേക്കാളും പിന്തിരിപ്പനുമാകുന്നു.
ഈ ലേ­ഖ­നം ക്രി­യേ­റ്റീ­വ് കോ­മണ്‍­സ് ആട്രി­ബ്യൂ­ഷന്‍ ഷെ­യര്‍ എലൈ­ക്‍ 2.5 ഇന്ത്യ (CC-BY-SA 2.5 In) പ്ര­കാ­രം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ അനു­മ­തി നല്‍­കു­ന്നു­.

1 comment: