എസ്. എസ്. എല്‍. സി., ഹയര്‍സെക്കന്ററി ഫലങ്ങള്‍ വന്നപ്പോള്‍ നൂറുമാര്‍ക്കിന്റേയും നൂറിനടുത്ത വിജയശതമാനത്തിന്റേയുമൊക്കെ വാര്‍ത്തകളുടെ തിമിര്‍പ്പിലായിരുന്നു നമ്മളും നമ്മുടെ പത്രങ്ങളുമൊക്കെ. പക്ഷേ ഒറ്റവാചകത്തില്‍ സൂചിപ്പിച്ച ആ രണ്ടു നൂറുകളും തരുന്ന സൂചനകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. നൂറുക്കു് നൂറു് മാര്‍ക്കുവാങ്ങുന്ന വിരലിലെണ്ണാവുന്നവര്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തേയൊന്നും സൂചിപ്പിക്കുന്നില്ല (ഈ നൂറു് മാര്‍ക്കിനു് തൊണ്ണുറ്റൊമ്പതിനേക്കാളുമോ തൊണ്ണൂറ്റഞ്ചിനേക്കാളുമോ അധികം പ്രാധാന്യമെന്തെന്നതിലേക്കിപ്പോള്‍ ചിന്ത നീട്ടുന്നില്ല). പക്ഷേ നൂറിനടുത്തു് വിജയശതമാനമൊക്കെയെത്തുമ്പോള്‍ നമ്മുടെ സ്കുളുകളും കുട്ടികളുമൊക്കെ എവിടെയൊക്കെയോ എത്തിയെന്നൊരു ധാരണ പെട്ടെന്നുണ്ടാവുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന എഴുപതു് ശതമാനം കുട്ടികള്‍ക്കേ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകം തെറ്റുകൂടാതെ വായിക്കാന്‍ കഴിയുന്നുള്ളൂവെന്നും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക് 52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല എന്നുമൊക്കെ റിപ്പോര്‍ട്ടുകളുള്ളപ്പോള്‍[1] ഈ വിജയത്തിന്റെ ശതമാനക്കണക്കിലെന്തോ തകരാറുണ്ടെന്നു് വ്യക്തം. അതോടൊപ്പം സര്‍ക്കാര്‍/എയിഡഡ് വിദ്യാലയങ്ങളെ വിട്ട് അണ്‍എയിഡഡ്/കേന്ദ്ര സിലബസ്സുകളിലേക്ക് കുട്ടികള്‍ ചേക്കേറുന്നത് വ്യാപകമായിട്ടുണ്ട് താനും. അതിന്റെയൊക്കെ കാരണങ്ങളന്വേഷിച്ചുകൊണ്ട് മാതൃഭൂമി ദിനപ്പത്രത്തില്‍ കഴിഞ്ഞ 5 ദിവസങ്ങളിലായി വന്ന രാജന്‍ ചെറുക്കാടിന്റെ 'പൊതുവിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക്' എന്ന ലേഖനപരമ്പരയാണിവിടെ ഈ കുറിപ്പെഴുതാന്‍ പ്രേരണ. പൊതുവിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പ്രശ്നങ്ങളുടേയും ആത്യന്തിക കാരണം ഡി. പി. ഈ. പി. മുതല്‍ അനുവര്‍ത്തിച്ചു വരുന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങളാണെന്ന നിഗമനത്തിലേക്ക് പരമ്പര എത്തുന്നതു് കണ്ടപ്പോള്‍ ഈ കുറിപ്പെഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ലേഖകന്റെ അഭിപ്രായത്തില്‍: "അദ്ധ്യയനത്തെ അദ്ധ്യാപകനില്‍ നിന്നും അടര്‍ത്തിമാറ്റി വിദ്യാര്‍ത്ഥിയില്‍ പ്രതിഷ്ഠിച്ചിടത്താണ് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച തുടങ്ങിയത്, പിന്നീടവിടെ പഠനമല്ല കുട്ടിക്കളിയാണ് നടക്കുക. അദ്ധ്യാപകന്‍ ഇവിടെ 'വെറും' മെന്ററാണ്."
മെന്ററാവുകയെന്നത് അത്ര ചെറിയ കാര്യമാണോ? തന്റെ അറിവിലുള്ള ശരികള്‍ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളോട് അധികാരത്തോടെ വിളമ്പുന്നതിനേക്കാളും എത്രയോ പടി ഉയരത്തിലാണ് ഓരോ വിദ്യാര്‍ത്ഥിയും അറിവിലേക്കുള്ള വഴി തന്റേതായ രീതിയില്‍ തേടുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നത്.? ജ്ഞാനസമ്പാദനമെന്നതു് ക്രോഡീകരിച്ച അറിവു ഓര്‍മ്മിച്ചുവെക്കലല്ല. സ്വയാര്‍ജ്ജിതമല്ലെങ്കില്‍ സന്ദര്‍ഭോചിതമായി അറിവിന്റെ പ്രയോഗങ്ങള്‍ കണ്ടെത്തുകയും സാദ്ധ്യമല്ല. പ്രയോഗിക്കാന്‍ കഴിയാത്ത അറിവ് കൊണ്ട് എന്താണ് പ്രയോജനം. ആ നിലയ്ക്ക് സ്വയം അറിവുനേടാന്‍ പഠിതാവിനെ പ്രേരിപ്പിക്കുന്ന/ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വഴികാട്ടിയാവുകതന്നെയാണു് അദ്ധ്യാപകന്റെ ധര്‍മ്മം. പഠനം പഠിതാവിനെ കേന്ദ്രീകരിച്ചു നടക്കുന്ന പ്രക്രിയ ആകുക തന്നെ വേണം.
പുതിയ പാഠ്യപദ്ധതിയില്‍ അദ്ധ്യാപകന്റെ പ്രാധാന്യം കുറഞ്ഞെന്നു പല അദ്ധ്യാപകരും ഇവിടെ ലേഖകനും വേവലാതിപ്പെടുന്നുണ്ട്. ശീലിച്ചുപോന്ന കീഴ്‌വഴക്കങ്ങളില്‍ നിന്നും പെട്ടെന്നൊരുമാറ്റം ഉള്‍ക്കൊള്ളാനുള്ള സമയം കിട്ടാതിരുന്നത് കൊണ്ട് പദ്ധതിയെത്തനെ അടച്ചാക്ഷേപിക്കാന്‍ പലരും മുതിര്‍ന്നതില്‍ അത്ഭുതപ്പെടുവാനില്ല.
താന്‍ നില്‍ക്കുന്ന തലത്തിനും മുകളിലേയ്ക്ക് ലോകം അതിശീഘ്രം നിലകള്‍ തീര്‍ത്ത് അംബരങ്ങളെ ചുംബിക്കാനൊരുങ്ങുന്നതറിയാതെ താഴേയ്ക്ക് മാത്രം നോക്കുന്നവരായി അദ്ധ്യാപകകുലത്തെ മാറ്റിയെടുത്തതും ഇവിടെ നിലനിന്നിരുന്ന പഠനരീതിയാണ്. അതിന് മാറ്റം വരുത്താന്‍ അദ്ധ്യാപകര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതില്ലേ?
"പുസ്തകങ്ങളില്‍ ഉള്ളടക്കമില്ല - അതുകൊണ്ട് രണ്ടക്ഷരം പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയാണ്ടായി."
പാഠപുസ്തകം പഠനത്തിനുള്ള മാര്‍ഗ്ഗരേഖയാണ് അല്ലാതെ സമ്പൂര്‍ണ്ണ റഫറന്‍സ് അല്ല. കൂടുതല്‍ അറിവ് തേടാനും നേടാനുമുള്ള പ്രേരണയായി വര്‍ത്തിക്കേണ്ടവയാണ് പാഠപുസ്തകങ്ങള്‍. പഠനത്തിന്റെ ഉള്ളടക്കം മുഴുവനായി പുസ്തകത്തിലൊതുക്കുന്നതില്‍ വിവര-വിജ്ഞാന വിപ്ലവത്തിന്റെ ഈ കാലത്ത് അര്‍ത്ഥമേതുമില്ല. പുസ്തകത്തിലൊതുക്കാന്‍ കഴിയാത്ത ശാസ്ത്ര-ഗണിത പഠന വീഡിയോകള്‍ ലഭിക്കുന്ന സൈറ്റുകളുടെ വിവരങ്ങള്‍ വരെയുള്‍പ്പെടുത്തിയവയാണ് എസ്. സി. ഇ. ആര്‍. ടി യുടെ പുതിയ പാഠപുസ്തകങ്ങള്‍. വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ യുഗത്തില്‍ അറിവ് സ്വയമേവ നേടാനുള്ള പരിശീലനം നിര്‍ബന്ധമായും കുട്ടി നേടേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ വ്യത്യസ്ഥ സ്രോതസ്സുകളില്‍ നിന്നൊക്കെ വിവരങ്ങള്‍ തേടാനുള്ള അവസരം സര്‍ക്കാര്‍ സ്കൂളിലെ സാധാരണക്കാരനുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ അതിനുതക്ക സാങ്കേതികവിദ്യ സ്കൂളുകളില്‍ എത്തിക്കുകയും മാതാപിതാക്കളും അദ്ധ്യാപരും ഉള്‍പ്പെടെയുള്ളവരുടെ ഇന്റര്‍നെറ്റ്-ഫോബിയ അകറ്റുകയും ചെയ്യാതെ ഉള്ളടക്കത്തെ ചൊല്ലി വേവലാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല.
"എഴുത്തുപരീക്ഷയേക്കാള്‍ പ്രാധാന്യം നിരന്തരമൂല്യനിര്‍ണ്ണയത്തിനു വരുമ്പോള്‍ കുട്ടികളുടെ പഠനപുരോഗതി ആര്‍ക്കും അറിയാനാവുന്നില്ല."
എഴുത്തു പരീക്ഷയേക്കാള്‍ പ്രാധാന്യമൊന്നും നിരന്തരമൂല്യനിര്‍ണ്ണയത്തിന് ഇതുവരെ വന്നിട്ടില്ല. ആകെ സ്കോറില്‍ ഇപ്പോള്‍ നിരന്തരമൂല്യനിര്‍ണ്ണയത്തിനുള്ളത് വെറും 20% പങ്കുമാത്രമാണ്.
പരീക്ഷകളുടെ ആത്യന്തിക ലക്ഷ്യം വര്‍ഷാന്ത്യം പരാജിതരുടെ കണക്കെടുക്കുയല്ല മറിച്ച് പഠനപുരോഗതി നിരന്തരം അളന്നു് മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരികയാണ്. അപ്പോള്‍ മൂല്യനിര്‍ണ്ണയവും നിരന്തരമായി നടക്കേണ്ട ഒന്നാണ്. അസൈന്‍മെന്റുകളും പ്രോജക്ടുകളും നിരന്തരമായി വിലയിരുത്തിക്കൊണ്ടേ അത് സാധിക്കൂ, അല്ലാതെ വര്‍ഷത്തില്‍ ഒന്നോരണ്ടോ വട്ടം നടക്കുന്ന എഴുത്തുപരീക്ഷയിലൂടെയല്ല. തന്റെ വിദ്യാര്‍ത്ഥികളെ, അവരുടെ വളര്‍ച്ചയെ നിരന്തരമായി പിന്തുടര്‍ന്ന് മൂല്യനിര്‍ണ്ണയം ചെയ്ത് മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ മെന്ററായ അദ്ധ്യാപകനല്ലാതെ ആര്‍ക്കാണു കഴിയുക? ആ മൂല്യനിര്‍ണ്ണയം കൃത്യമായും നിഷ്പക്ഷമായും നടക്കുമെന്നുറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ എഴുത്തുപരിക്ഷയേക്കാളും പ്രാധാന്യം അതിനു തന്നെ വരേണ്ടതുമുണ്ട്. പക്ഷേ അതിനു കുറച്ചേറെ ക്ഷമയും അദ്ധ്വാനവും മെന്ററുടെ ഭാഗത്തുനിന്നും വേണ്ടിവരും. പരാതികളൊഴിവാക്കി മുഴുവന്‍പേര്‍ക്കും മികച്ച സ്കോര്‍ നല്‍കി തടിതപ്പുവാന്‍ ബഹുഭൂരിപക്ഷവും ശ്രമിച്ചപ്പോള്‍ (മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ബന്ധം കൊണ്ടുമാവും) സ്വാഭാവികമായും മൂല്യനിര്‍ണ്ണയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.
"ഓര്‍മശക്തി പരീക്ഷിക്കുന്ന എഴുത്തുപരീക്ഷയെ ഈ പദ്ധതിയുടെ തുടക്കം മുതല്‍ കുറ്റപ്പെടുത്തുന്നത് ഇതിനുവേണ്ടിയായിരുന്നു. ബുദ്ധിയുടെ സൂചകമാണ് ഓര്‍മശക്തി. അത് ഉപയോഗിക്കാതിരുന്നാല്‍ ഒന്നും ഒര്‍മിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കുട്ടികള്‍ എത്തിപ്പെടും. ചിന്താശേഷി കുറയും."
ഓര്‍മ്മ തലച്ചോറിന്റെ ഒരു കഴിവു തന്നെ. പക്ഷേ അറിവ് സ്വയാര്‍ജ്ജിതമെങ്കില്‍ അത് ഓര്‍ത്തുവെക്കേണ്ടകാര്യമില്ലല്ലോ. മാത്രമല്ല അറിവ് ഓര്‍മ്മിച്ചെടുക്കാനാവുമോ എന്നല്ല അത് പ്രായോഗികാവസരങ്ങളില്‍ വിശകലനബുദ്ധിയോടെ ഉപയോഗിക്കാനാവുമോ എന്നാണ് പരിശോധിക്കേണ്ടത്. കാണാപ്പാഠം പഠിച്ചത് ഓര്‍ത്തെടുത്തെഴുതുന്ന എഴുത്തുപരീക്ഷയില്‍ അല്ലേ യഥാര്‍ത്ഥത്തില്‍ ചിന്താശേഷി കുറയുന്നത്?
"കവിത കാണാപ്പാഠം പഠിക്കാത്തതും കോപ്പി എഴുതാത്തതും നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായി. "
കവിത കാണാതെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം? പാഠപുസ്തകത്തിലോ പുറത്തോ ഉള്ള ലളിതസുന്ദരകാവ്യങ്ങള്‍ ആരും ഇഷ്ടത്തോടെ പഠിച്ചുപോയേക്കും, ആരുടേയും നിര്‍ബന്ധമില്ലാതെ തന്നെ. വരികളോര്‍മ്മിച്ച് ആസ്വദിച്ച് ചൊല്ലാനിഷ്ടമുള്ളവര്‍ അതു ചെയ്തുകൊള്ളട്ടെ.
കോപ്പി എഴുതിയതു കൊണ്ടു കഴിഞ്ഞ തലമുറയില്‍പ്പെട്ടവരുടെയെല്ലാം കൈയക്ഷരം അത്രയ്ക്കങ്ങു മെച്ചമാണോ? ഇനി ആണെങ്കില്‍ തന്നെ ആ ഒരു സൗന്ദര്യം ആസ്വദിക്കാമെന്നതില്‍ക്കവിഞ്ഞ് എന്തു പ്രയോജനമാണുള്ളത്? പരീക്ഷകളൊഴികെ മറ്റൊന്നും നിര്‍ബന്ധമായി കൈകൊണ്ടഴുതേണ്ടതില്ലാത്ത ഡിജിറ്റലെഴുത്തിന്റെ കാലത്ത് എന്തിനാണീ കോപ്പിയെഴുത്തിന്റെ വാശി?
ചുരുക്കത്തില്‍, ഇവിടെ പരമ്പരാഗതമായി നിലനിന്നിരുന്ന ബോധനരീതിയില്‍ നിന്ന് വിപ്ലവകരമായി കൊണ്ടുവന്ന മാറ്റത്തിന്റെ ഫിലോസഫി അതു നടപ്പിലാക്കേണ്ടവര്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടില്ല. പരമ്പരാഗതരീതിയില്‍ അദ്ധ്യാപക പരിശീലനം നേടി വര്‍ഷങ്ങളോളം അത് പിന്തുടര്‍ന്ന അദ്ധ്യാപകസമൂഹത്തിന് ഉള്‍ക്കൊള്ളാനാവുന്ന വിധത്തില്‍ പുതിയ പാഠ്യപദ്ധതിയെ പരിചയപ്പെടുത്താന്‍ ഒരുപക്ഷേ തുടര്‍ പരിശീലനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഫലത്തില്‍ തത്വത്തില്‍ നിന്നും പ്രയോഗത്തിലെത്തിയപ്പോള്‍ നഷ്ടമായത് പുതിയ പാഠ്യപദ്ധതിയുടെ കാതല്‍ തന്നെയാണ്. അതുതന്നെയാണു് പൊതുവിദ്യാഭ്യാസം ഇപ്പോള്‍ പിന്‍ബഞ്ചിലാണെങ്കില്‍ അതിന്റെ മുഖ്യകാരണം. ഇനി മികച്ച രീതിയില്‍ ഇവ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ തന്നെ ഗുണഫലങ്ങള്‍ കാണുന്നത് കാലക്രമത്തില്‍ അല്പം സമയമെടുത്തു തന്നെയാകും, അല്ലാതെ തൊട്ടടുത്ത പത്താംക്ലാസ് പരീക്ഷയുടെ ഫലത്തിലല്ല. അതിനുകാത്തുനില്‍ക്കാതെ മൂല്യനിര്‍ണ്ണയത്തില്‍ പലവിധത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ വിജയശതമാനമുയര്‍ന്നു. സ്വാഭാവികമായും മാര്‍ക്കധിഷ്ഠിത പഠനത്തിന് വിലകല്‍പ്പിക്കുന്ന കേരളത്തിലെ കുട്ടികള്‍ പഠനത്തോട് നീതി പുലര്‍ത്താന്‍ മടികാണിച്ചിട്ടുണ്ടാവും, പഠനനിലവാരം കുറഞ്ഞിട്ടുമുണ്ടാവും.
[1] 2005 മുതല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ശാസ്ത്രീയമായി സര്‍വേ നടത്തുന്ന 'പ്രഥം' എന്ന ഏജന്‍സിയുടെ 2012-ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടി(അസര്‍)ലാണിങ്ങനെ പറയുന്നത്
No comments:
Post a Comment