ആദ്യശ്വാസത്തില്‍ ഹൃദയം ജീവകോശങ്ങളിലേക്കെത്തിച്ചത് മീനച്ചിലാറും കൈവഴികളും പുഷ്ടിപ്പെടുത്തിയ തടങ്ങളില്‍ പാല് ചുരത്തി നില്ക്കുന്ന റബര്‍മരങ്ങളെ തഴുകി വന്ന കാറ്റായിരുന്നു. അതിനു അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷമായിരുന്നിരിക്കണം അമ്മയുടെ ദേശത്തുനിന്നും അപ്പുപ്പ ന്റെയും അച്ഛമ്മയുടേയും വിയര്‍പ്പില്‍ കുതിര്‍ന്ന് ഹരിതാഭമായ ചെറിയ കുന്നിന്ചെരുവിലെ അച്ഛന്റെ വീട്ടിലേക്കെത്തിയത്. മലയോരജില്ലയിലെ ഒരേയൊരു താഴ്വാര പട്ടണപ്രാന്തത്തില്‍ നിന്നൊട്ടകലത്തിലായി (കു)ഗ്രാമലക്ഷ്മി നടനമാടുന്ന പ്രദേശം. ബസ്റൂട്ടില് നിന്നും രണ്ടുകിലോമീറ്റര്‍ മാറിയുള്ള ടാര്‍റോഡില്‍ നിന്നും പാടവരമ്പിലൂടെയോ കാട്ടുകല്ലുപാകിയ പറമ്പിലൂടെയോ നടന്നാല്‍ എത്തുന്ന തോടു കടന്നു വേണം വീട്ടിലെത്താന്‍. ആദ്യവഴിയിലൂടെയാണെങ്കില് തോടു നടന്നു മുറിച്ചുകടക്കണം. അല്ലെങ്കില്‍ തടിപ്പാലവും. തോടു കടന്നാല്‍ ചെറിയ കൊക്കോ തോട്ടം, അതിന്റെ മേലേത്തൊട്ടിയില് വീട്, അതിനും മേലെ തൊഴുത്ത്, പിന്നെയും കുന്നുകയറുമ്പോള്‍ കശുമാവ്, റബര്‍, കപ്പ ഒക്കെ പാറക്കെട്ടിനിടയിലെ
കയ്യാലകൊണ്ടു തട്ടു തിരിച്ച പറമ്പില്‍ പലയിടത്തായി നിലകൊണ്ടു. അവിടെ അച്ഛനുമമ്മയ്ക്കും അപ്പൂപ്പനുമച്ഛമ്മയ്ക്കുമൊപ്പം ജീവിച്ച ഒരു വര്‍ഷക്കാലം ഓര്‍മ്മയില്‍ അടയാളങ്ങള്‍ ഒന്നും അവശേഷിപ്പിച്ചിട്ടില്ല.
പിന്നീടാണ് അച്ഛനും അമ്മയ്ക്കുമൊപ്പം അവരുടെ ജോലിസ്ഥലത്തേക്ക് കുടിയേറിയത്. സര്‍ക്കാര്‍ ഓഫീസുകളും ജീവനക്കാരുടെ ക്വാര്ട്ടേഴ്സുകളുമല്ലാതെ മറ്റൊരു കെട്ടിടം പോലും കാണാനില്ലാത്ത ജില്ലാ ആസ്ഥാനത്തേക്ക്. കരിങ്കല്ലില്‍ ചുമരുകളും ആസ്ബസ്റ്റോസില്‍ മേല്‍ക്കൂരയും തീര്‍ത്ത അവിടെയുള്ള കെട്ടിടങ്ങളെല്ലാം തന്നെ ഇടുക്കി അണക്കെട്ടിന്റെനിര്മ്മാണകാലഘട്ടത്തില് തൊഴിലാളികള്‍ക്കായി ഉണ്ടാക്കിയ വാസസ്ഥലങ്ങളാണത്രെ (ഈ പ്രസ്താവനയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്. അവിടെ ജീവിച്ച എട്ടു വര്‍ഷക്കാലത്തിനിടയില്‍ പറഞ്ഞു കേട്ടതാണ്). നോക്കെത്തുന്ന ഇടമെല്ലാം തന്നെ വനഭൂമി മാത്രം. തദ്ദേശീയര്‍ തീരെയില്ല. അതുകൊണ്ടു തന്നെ വാണിജ്യസ്ഥാപനങ്ങളും പേരിനു മാത്രം. ആനവാര്ഡെന്നും കോഴിവാര്ഡെന്നും ഒക്കെ വിളിപ്പേരുള്ള പല ലേയ്നുകളിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലായിരുന്നു അവിടെ വാസം. കൊങ്ങിണിക്കമ്പുകള് കൊണ്ട് വേലികെട്ടിയ മുറ്റങ്ങളില്‍ കാലാവസ്ഥയുടെ ആനുകൂല്യത്തില്‍ ബന്ദിയും ജമന്തിയും ചീരയും അടങ്ങിയ പൂച്ചെടികള്‍ വിടര്‍ന്നു പുഞ്ചിരിച്ചു. ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തിയപലരും തങ്ങളുടെ ജീവിതരീതിയുടെ ഭാഗമായ പശുവളര്‍ത്തലും കോഴിവളര്‍ത്തലും ഇവിടേയും തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടുവരുന്ന കുട്ടികളെല്ലാം- അമ്മമാര്‍ വീട്ടിലുള്ളവര്‍ സ്വന്തം വീട്ടില്‍നിന്നോ അല്ലാത്തവര്‍ അമ്മമാരുള്ള അയല്‍വീട്ടില്‍ നിന്നോ കാപ്പി കുടിച്ചു- ഇരുള്വീഴുന്നതു വരെ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ ഓഫീസില്‍ നിന്നും മടങ്ങിയെത്തും വരെ തിമിര്‍ത്തു കളിച്ചു. കാല്‍മുട്ടിലെ മുറിവുണങ്ങിയ കാലം ഓര്‍മ്മയിലെങ്ങുമില്ല. അക്കുകളിയും ഒളിച്ചുകളിയുമായിരുന്നു പ്രിയപ്പെട്ട കളികള്‍. ആരെങ്കിലും ക്രിക്കറ്റ് കളിക്കുന്നത് അക്കാലത്ത് കണ്ടിട്ടുപോലുമില്ല.
ഇവിടെ നിന്നും മാസത്തിലൊന്നോ രണ്ടോ വട്ടം നാട്ടിലേക്കുള്ള യാത്ര പതിവായിരുന്നു. ഇടുക്കി പദ്ധതിയിലുള്‍പ്പെട്ട കുളമാവ് ഡാമിനുമുകളിലൂടെ സഞ്ചരിച്ച്, പന്ത്രണ്ടോളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്, കരിനീലമലമടക്കുകള്ക്ക് കിങ്ങിണിയിട്ടൊഴുകുന്ന കാട്ടരുവികളുടെ സൌന്ദര്യം ദര്‍ശിച്ച്, ഭാഗ്യമുണ്ടെങ്കില്‍ വഴിക്ക് കാട്ടാനക്കൂട്ടത്തെയും കണ്ട് രണ്ടു മണിക്കൂറോളമുള്ള യാത്രയ്ക്ക് ശേഷം വീടണയുന്നത് ഒരു വിനോദസഞ്ചാരിക്ക് അവിസ്മരണീയ അനുഭവമായിരിക്കും; എന്നാല്‍ ഒരു പതിവുയാത്രികയായ ബാലികയ്ക്ക് ഈ യാത്ര ക്ലേശകരം തന്നെയാണ്. പലപ്പോഴും അമ്മയുടെ മടിയിലിരുന്നൊരുറക്കവും യാത്രതീരും മുമ്പൊരു ഛര്‍ദ്ദിയും ഉണ്ടാവാറുണ്ടായിരുന്നു. ഈവക പ്രശ്നങ്ങളൊന്നും ഉണ്ടായില്ലേല്‍ ബസ്സിറങ്ങി വീടുവരെ നടക്കാന്‍ വല്യ ഉത്സാഹമായിരിക്കും. അല്ലെങ്കില്‍ അച്ഛന്റെയോ അമ്മയുടേയോ തോളിലായിരിക്കും യാത്ര. (എട്ടു വയസ്സുവരെ വീട്ടിലെ ഒറ്റക്കുട്ടിയായിരുന്നതു കൊണ്ട് ഇതില്‍ ആര്‍ക്കുമൊരു പ്രതിഷേധവുമുണ്ടായിരുന്നില്ല :D ). ഉത്സാഹത്തിന്റെ ദിവസമാണെങ്കില്‍ 'കീ...കീ' കരയുന്ന ചെരുപ്പുമിട്ട് തടിപ്പാലത്തിലൂടെ മുന്നില്‍ നടക്കുന്ന അച്ഛന്റേയും പിന്നില്‍ വരുന്ന അമ്മയുടേയും ഇടയില്‍ അവരുടെ വിരലില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് നടക്കുന്ന ആവേശം വേറൊന്നിനും നല്കാന് കഴിയാറില്ല.
വീട്ടിലേക്കു നടക്കാനുള്ള ഇടവഴിയിലെത്തുമ്പോള്‍ മിക്കപ്പോഴും ഇരുട്ടിയിട്ടുണ്ടാകും. വഴി തുടങ്ങുന്നിടത്തെ ഏതെങ്കിലും വീട്ടില്‍ നിന്നും വാങ്ങിക്കത്തിക്കുന്ന ചൂട്ടുകെട്ടിന്റെ വെളിച്ചത്തിലാവും പിന്നെ യാത്ര. അല്ലെങ്കില്‍ ബസ്സിറങ്ങുന്നിടത്തു നിന്നും വാങ്ങിവയ്ക്കുന്ന മെഴുകുതിരിവെളിച്ചത്തില്‍. മെഴുകുരുകി കയ്യില്‍ വീഴാതെ ഒരു കണ്ണന് ചിരട്ടയുടെ ദ്വാരത്തില്‍ തിരികയറ്റിയാണ് നടത്തം. വഴിവിളക്കില്ലാത്ത ഈ ഇടവഴിയിലെ സ്ഥിരം യാത്രികര്‍ക്ക് ടോര്‍ച്ച് കയ്യില്‍ കരുതിക്കൂടേ എന്ന ന്യായമായ സംശയം നിങ്ങള്‍ക്കെന്ന പോലെ എനിക്കും ഇപ്പോള്‍ തോന്നുന്നു..ആവോ, ഇനി ടോര്‍ച്ചെടുക്കാന്‍ മറക്കുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളിലാണോ ആവോ ഈ ചൂട്ട്/മെഴുകുതിരി പ്രയോഗങ്ങള്‍. എന്തോ.! എന്റെ ഓര്‍മ്മയില്‍ ടോര്‍ച്ച് തെളിയുന്നില്ല..
സ്കൂളില്‍ അവധിക്കാലം തുടങ്ങുന്ന ദിവസം തന്നെ അച്ഛനും അമ്മയും കൂടി എന്നെ പായ്ക്ക് ചെയ്ത് നാട്ടിലെത്തിക്കുക പതിവായിരുന്നു. തൊട്ടുതൊട്ടു വീടുകളുള്ള, കുട്ടികളുടെ ആരവം അടങ്ങാത്ത ഹൈറേഞ്ചിലെ താമസസ്ഥലത്തുനിന്നും കണ്ണെത്തും ദൂരത്ത് മനുഷ്യവാസമില്ലാത്ത നാട്ടിലെ വീട്ടിലെത്തുമ്പോള്‍ ഒരു ഏകാന്തതടവിന്റെ അനുഭവമാണ് ഉണ്ടാവുക. പക്ഷേ ഒന്നു കൂകിയാല്‍ കേള്‍ക്കാവുന്ന അകലത്തിലാളുണ്ടല്ലോ എന്നാണ് അച്ഛമ്മയുടേയും അപ്പൂപ്പന്റേയും ഭാഷ്യം!! സത്യത്തില്‍ കൂകല്‍ എന്ന മോഡ് ഓഫ് കമ്മ്യൂണിക്കേഷന്‍ അവര്‍ ഉപയോഗപ്പെടുത്തുന്നത് പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കടയില്‍ പോയി മടങ്ങിയെത്തും വഴി തോടു കടക്കുന്നതിനും ഏറെ മുന്നില്‍ വെച്ചേ അപ്പുപ്പന്റെ വക ഒരു കൂക്കുണ്ടാവും , മറുപടിയായി അച്ഛമ്മയുടെ മറുകൂകലും. തല്‍ഫലമായി അപ്പൂപ്പന് വീട്ടിലെത്തുമ്പോഴേക്കും നാരങ്ങാവെള്ളമോ സംഭാരമോ തയ്യാറായിട്ടുണ്ടാകും !!! :D .
മൂന്നാം ക്ലാസ്സു മുതലാണ് മേല്‍പ്പറഞ്ഞ സ്ഥലത്തുനിന്നും അല്പം കൂടി നഗരഛായയുള്ള -ഗ്രാമം തന്നെ- പ്രദേശത്തെ പുതിയ വീട്ടിലേയ്ക്ക് താമസിക്കാനെത്തിയത്, ഹൈറെഞ്ച്ജീവിതം അവസാനിച്ചത്, വിദ്യാഭ്യാസം മലനാട്ടില്‍ നിന്നും ഇടനാട്ടിലേക്കു മാറിയത്, വീട്ടിലെ ഒറ്റക്കുട്ടി മൂത്തകുട്ടിയായി മാറിയത് എല്ലാമെല്ലാം.:). ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെയുള്ള ഇത്തിരിഭൂമിയില് ഒരു കൊക്കൊത്തോട്ടം ഒക്കെ ഉണ്ടാക്കി പുതിയ നാട്ടുകാരെ അദ്ഭുതപ്പെടുത്തി അപ്പൂപ്പനും അച്ഛമ്മയും. അവരോടൊപ്പം എന്തിനും ഏതിനും അനുജത്തി ചിരുതക്കുട്ടിയുമുണ്ടായിരുന്നു. ദിവസവും കുളിക്കാന്‍ തോട്ടില്‍ പോയി, കൊക്കോയില്‍ കയറി കായ പൊട്ടിച്ച് , തൊട്ടടുത്ത അമ്പലത്തില്‍ ഉത്സവം ഒക്കെ കൂടി അവള് ജീവിതം ഉഷാറാക്കി. പഴയനാടിനേക്കാള് കൂടുതല്‍ ജനസമ്പര്‍ക്കത്തിനുള്ള അവസരം എനിക്കു കിട്ടിയതും ഇവിടെവെച്ചാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള ഗരുഡന് തൂക്കവും താലപ്പൊലിയും ധനുമാസത്തിലെ തിരുവാതിരകളിയുമൊക്കെ പുതിയ അനുഭവങ്ങളായപ്പോള്‍, ക്രിസ്മസിനു വീടിനുമുന്നിലൂടെ കടന്നുപോയിട്ടും മുറ്റത്തേക്കുകയറി ഉണ്ണിയേശുവിന്റെ ജനനമറിയിക്കാന് മടിച്ച ക്രിസ്മസ്പപ്പാഞ്ഞി സങ്കടപ്പെടുത്തി. പള്ളിയില്‍ നിന്നും എത്തുന്ന കരോള്‍സംഘം ഇടവകാംഗങ്ങളുടെ വീട്ടില്‍ മാത്രമേ കയറാറുള്ളത്രേ.
ഇവിടെയെത്തിയതിനു ശേഷം ജീവിതത്തെ സ്വാധീനിച്ചത് നാടിനേക്കാള്‍, പുതിയസ്കൂളും അവിടുത്തെ ചങ്ങാതിമാരും അവര്‍ നല്കിയ അനുഭവങ്ങളുമൊക്കെയാണ് . സ്കൂള്‍ അനുഭവങ്ങള്‍ പലതും മുമ്പ് എഴുതിയിട്ടുണ്ട്. ബാക്കി പിന്നീടൊരവസരത്തില്‍ എഴുതുകയും ആവാം. സ്കൂളുമായി ബന്ധപ്പെട്ട മറ്റൊരോര്‍മ്മ ഹയര്‍സെക്കണ്ടറി കാലത്ത് ആഴ്ചയിലൊരിക്കലുള്ള 'ബ്രില്ല്യന്റ്' യാത്രയാണ്. അതെനിക്ക് ജന്മദേശത്തേക്കുള്ള യാത്രകൂടിയാണല്ലോ. വാരാന്ത്യത്തിലെ പുലര്‍കാല മയക്കം നഷ്ടപ്പെടുന്നത് ഒരു സങ്കടം തന്നെയായിരുന്നു. നിത്യേനെയുള്ള പരീക്ഷയ്ക്കായി പഠിച്ചിട്ടുപോരുന്ന ദിവസം അല്പം ആധിയും ഇല്ലെങ്കില്‍ പൂര്ണ്ണനിസ്സംഗതയുമാകും യാത്രയില്‍ മനസ്സിലുള്ള ഭാവം. അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ പ്രിയസുഹൃത്തുക്കളോടൊപ്പം സൂര്യനുകീഴിലെ എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്തുകൊണ്ടുള്ള ബസ്സ് യാത്രയുടെ സുഖം ഒന്നു വേറെ തന്നെയായിരുന്നു. ഇടയ്ക്കൊക്കെ അവരുടെ അസ്സാന്നിദ്ധ്യത്തില്‍ ഡിസംബറിലെ കോടമഞ്ഞില്‍ ഇലപൊഴിച്ച് റോഡിനിരുവശവും നില്ക്കുന്ന റബര്‍മരങ്ങളുടെ നഗ്നസൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള ഏകാന്തയാത്രകള് നല്‍കിയത് വ്യത്യസ്ഥമായ മറ്റൊരു സുഖം.
സ്കൂള്‍ജീവിതം കഴിഞ്ഞപ്പോള്‍ ഒരു മാറ്റത്തിനായി മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എവിടേയ്ക്ക് ,എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമുണ്ടായിരുന്നില്ല താനും. ഫിസിക്സും മാത്സും ഒക്കെ പഠിക്കാന്‍ ഒരുപാടിഷ്ടമുണ്ടായിരുന്നെങ്കിലും എങ്ങിനീയറിങ്ങിനു ചേരുവാനായിരുന്നു ഒടുവില്‍ തീരുമാനിച്ചത്. അങ്ങനെ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ എന്തായാലും ഈ ദേശം വിട്ടൊരു ജീവിതം ഉണ്ടാവുകയേ ഇല്ലായിരുന്നു. ഏറെ വൈകി ഒക്ടോബറില്‍ നടന്ന അക്കൊല്ലത്തെ പ്രൊഫഷണല്‍ കോളെജ് അഡ്മിഷന്റെ സമയമായപ്പോഴെയ്ക്കും അച്ഛന് ആയിടയ്ക്ക് സ്ഥലം മാറിയെത്തിയ തലസ്ഥാനനഗരിയില്‍ ഞാന്‍ ഓപ്ഷന് കൊടുത്തു; പ്രവേശനം ലഭിക്കുകയും ചെയ്തു. പിന്നാലെ അമ്മയും അനുജത്തിയും കൂടി എത്തി. അങ്ങനെ ഞങ്ങള്‍ വീണ്ടും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലും അപ്പുപ്പനും അച്ഛമ്മയും നാട്ടിലും. നഗരജീവിതം പുതിയ അനുഭവമായിരുന്നു. അത് വ്യത്യസ്ഥമെന്ന് നിരീക്ഷിക്കാമെന്നല്ലാതെ 'നാട്യപ്രധാനം നഗരം ദരിദ്രം' എന്നൊന്നും ഒരിക്കലും തോന്നിയില്ല. തോന്നിയെങ്കില്‍ തന്നെ ഓരോ വ്യക്തിയും ഓരോ കുടുംബവും ചുറ്റുമുള്ള സമൂഹത്തോട് പുലര്‍ത്തുന്ന നിസ്സംഗതയാണ് ആ ദാരിദ്ര്യം. കാപട്യവും സ്വാര്‍ത്ഥതയും നഗര-ഗ്രാമ ഭേദമില്ലാതെ എല്ലായിടവും നിറഞ്ഞിരിക്കുന്ന ഇക്കാലത്ത് ഈ നിസ്സംഗത നല്കുന്ന സ്വകാര്യതയെ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങുകയും ചെയ്തു. പൊതുവില്‍ ഇങ്ങനെയൊരു നിരീക്ഷണം നടത്തിയാലും നിസ്വാര്ത്ഥസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം തുളുമ്പുന്ന ഒരുപിടി സൗഹൃദങ്ങള്‍ സമ്മാനിച്ച ഈ നഗരത്തോട് നന്ദി പറയാതെ വയ്യ.
ഇക്കാലമത്രയും ജീവിച്ചത് നഗരഹൃദയത്തില്‍ തന്നെയായിരുന്നു. ദിവസവും കണ്മുന്നില് കാണുന്ന ചരിത്രപ്രൌഢികളുടെ സൗന്ദര്യത്തെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടുതുടങ്ങി. നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും പ്ലാനറ്റോറിയത്തിനും മുന്നിലൂടെ നടന്നാണ്ദിവസവും കോളേജിലേയ്ക്ക് പോയിക്കൊണ്ടിരുന്നത്. വന്ന കാലത്ത് ബസ്സില്‍ പോകുമ്പോള്‍ കണ്ണിമയ്ക്കാതെ നോക്കിക്കാണാറുണ്ടായിരുന്നത് നിയമസഭാമന്ദിരവും സെക്രട്ടേറിയറ്റുമൊക്കെയായിരുന്നു. എല്‍.എം.എസ് ജങ്ഷനിലെ രാമറാവു ലാമ്പ് ഇവിടുത്തുകാര്‍ പോലും അധികം ശ്രദ്ധിച്ചിട്ടുണ്ടാകാനിടയില്ല. ഓരോ കവലയിലും മഹാരഥന്മാര് ശിലപങ്ങളായി നിലകൊള്ളുന്ന അനന്തപുരിയില്‍ സെക്രട്ടേറിയറ്റ് പരിസരത്തെ മാത്രം 'സ്റ്റാച്യൂ' എന്നു പരാമര്ശിക്കുന്നതെന്താണെന്നാലോചിച്ചും തല പുണ്ണാക്കിയിരുന്നു പണ്ടൊക്കെ. പറയാനാണെങ്കില്‍ ഓരോ ലാന്ഡ്മാര്ക്കിനെക്കുറിച്ചും ഒരുപാട് പറയാനുണ്ടാകുമെന്നതിനാല് തല്ക്കാലം ദീര്‍ഘിപ്പിക്കുന്നില്ല. അതും വേണമെങ്കില്‍ മറ്റൊരു പോസ്റ്റാക്കാനുള്ള വിഷയമുണ്ട്.
ആദ്യമൊക്കെ മടിച്ചിരുന്നെങ്കിലും പതിയെപ്പതിയെ അപ്പൂപ്പനും അച്ഛമ്മയും ഇടയ്ക്കൊക്കെ ഇവിടെ വന്നു നിന്നു തുടങ്ങി. ഇവിടുത്തെ ഇടങ്ങളും വഴികളും ഒക്കെ പരിചയപ്പെട്ട് തുടങ്ങി.കഴിഞ്ഞമാസം ദേശാഭിമാനി സപ്ലിമെന്റില്‍ കവി ഏഴാച്ചേരി രാമചന്ദ്രന് എഴുതുകയുണ്ടായി:
"വരുത്തന്മാര്‍ക്ക് തിരുവനന്തപുരത്തെ പരമപുച്ഛമാണ്. തിരുവനന്തപുരത്തുകാര്‍ക്ക് സ്വാര്‍ഥത കൂടും, രാജവാഴ്ചക്കാലം മുതല്‍ അധികാരത്തോട് ഒട്ടി നില്‍ക്കുന്നവരാണ്, ഭംഗിയില്ലാത്ത ഭാഷ സംസാരിക്കുന്നവരാണ് ഇതൊക്കെയാണാക്ഷേപങ്ങള്. ബാല്‍രാരം(ബാലരാമപുരം), തേരി, തോനെ, എന്തരു, മുടുക്ക്,തുടങ്ങിയ വാക്കുകള്‍ വികൃതമായി ഉച്ഛരിച്ച് തരം കിട്ടുമ്പോഴൊക്കെ ഇന്നാട്ടുകാരെ കളിയാക്കുകയും ചെയ്യും.എന്നാലും ഇവിടെ വന്നു ചേരുന്ന ഒരാളും പിന്നെ മടങ്ങിപ്പോകാറില്ല. ഓരോ ന്യായങ്ങള്‍ പറഞ്ഞ് വീടും കുടിയുമായി ഇവിടെ പാര്‍പ്പുറപ്പിക്കും."അപ്പോള്‍ പറഞ്ഞ് വന്നത് വേറൊന്നുമല്ല. താമസിയാതെ പഴമയുടെ പ്രൌഢിയും ഗാംഭീര്യവും തുളുമ്പുന്ന ഈ നഗരത്തിന്റെ ഭാഗമാകുവാന്‍ തീരുമാനിച്ചിരിക്കുന്നു. നഗരപ്രാന്തത്തിലുള്ള ഒരു ഗ്രാമത്തില്‍ പാര്‍പ്പുറപ്പിക്കാന്‍ പോകുന്നു. അങ്ങനെ ദേശായനത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായത്തിന് തുടക്കമാകുന്നു.
ഇത് മിണ്ടാപ്പൂച്ചയുടെ ദേശായനത്തിന്റെ കഥ. ചെന്നതും കണ്ടതും വസിച്ചതുമായ ദേശങ്ങളെയെല്ലാം ഹൃദയത്തില്‍ വളരെ ഇഷ്ടത്തോടെ എന്നും സുക്ഷിക്കുന്നു. ഇനി ജീവിതത്തിന്റെ ഭാഗമാകാനിരിക്കുന്ന ദേശങ്ങളെ അതിലേറെ പ്രിയത്തോടെയും..
nice one kavya.. and congrats.. :)
ReplyDeleteവീണ്ടും "മിണ്ടാ"പ്പൂച്ച....വളരെ നന്നായി ഈ എഴുത്ത്....
ReplyDeleteപിന്നെ എംടെക് എവിടം വരെയായി???
കുറേ നാളുകള്‍ക്ക് ശേഷം മിണ്ടാപൂച്ച ബ്ലോഗുടച്ചു :)
ReplyDeleteപക്ഷെ കാവ്യ ഒന്ന് പറയാം. കാവ്യയുടെ കഥ വായിക്കുവാന്‍ തന്നെ എനിക്കേറെ ഇഷ്ടം. ഒരു പക്ഷെ കഥ വായിച്ചുകൊണ്ട് കാവ്യയുടെ ബ്ലോഗിലേക്ക് കടന്നുവന്നത് കൊണ്ടാവാം.
#1. നന്ദിയുണ്ട് സുചാന്ദേട്ടാ..
ReplyDelete#2. ചാണ്ടിച്ചാ, വായനക്ക് നന്ദി.. അവസാന സെമസ്റ്റര്‍ തുടങ്ങാന്‍ പോകുന്നു. ഇനി പ്രോജക്ട് കൂടി. അതു തിരുവനന്തപുരത്തായിരിക്കും ..
#3. അതെ മനോരാജേട്ടാ, ഒരുപാട് കാലമായിരുന്നു..
കഥ ഒരിക്കലേ എഴുതിയിട്ടുള്ളൂ..(പണ്ട് സ്കൂളില്‍ പഠിക്കുമ്പോ ഒന്നെഴുതിയിരുന്നു.. അച്ചടിച്ച ആദ്യ രചന :))അതു നമുക്കു പറ്റിയ പണിയല്ലാന്ന് തോന്നിയതു കൊണ്ട് നിര്‍ത്ത്വേം ചെയ്തു.. പ്രോല് സാഹനത്തിന് നന്ദി..
മനോഹരം ! :)
ReplyDeleteനന്നായിട്ടുണ്ട് മിണ്ടാപ്പൂച്ചേ... എല്ലാ ഭാവുകങ്ങളും... ദേശായണം ജീവിത നിയമം തന്നെയാണ്....
ReplyDelete"sir e secratriat yevda?"
ReplyDelete"maavinmoottila"
maavinmoottile secratrait nanakedalle?
statue was orginally known as MAAVINMOODU..
അതു പുതിയ അറിവായിരുന്നു..
Deleteപുളിമൂടിനു തൊട്ടുചേര്‍ന്നുള്ളത് മാവിന്മൂടാവുന്നതിന് ഒരു സൌന്ദര്യം ഒക്കെ ഉണ്ടായിരുന്നു,അല്ലേ?
Says historian Malayinkeezhu Gopalakrishnan, “The place had a huge mango tree standing right where the statue of Madhava Rao now stands. After the statue was erected, people started referring to the place by that landmark and the name ‘Mavinmoodu’ slowly receded from the city’s memory.”
Deletehttp://ibnlive.in.com/news/fruity-annals-of-history/161390-60.html
രണ്ട് കൊല്ലങ്ങളായി മാവിന്മൂടില് കിളുത്ത സ്റ്റാചു ദേശത്താണ് എന്റെ താമസം..
Deleteഒരു TOUCHRIVER സ്വദേശിയാണ് ...
സഖാവിനു എന്നെ മനസിലായല്ലോ അല്ലെ?
മനസിലായി സുഹൃത്തേ..:)
Deleteഅല്ലാ, ഇവിടേയ്ക്ക് കുടിയേറിയോ? അതോ താല്‍ക്കാലിക ദേശായനമോ?
കുടിയേറ്റം തന്നെ,കുടി ഏറി പോയി ;-)
Deleteഞാന്‍ ഇവിടെ CET യിലാ പഠിച്ചത്..
kerala universityക് എന്നെയങ്ങ് ഇഷ്ടപെട്ടുപോയ്,ഇപ്പോ എന്നെ വിടുന്നില്ല..
ഇയാള്‍ നിലവില്‍ എന്താ പരിപാടി..
നന്നായിട്ടുണ്ട് കാവ്യ .....
ReplyDeleteകുറെ നാളുകള്‍ക്കു ശേഷം ഭൂലോകത്ത് എന്താണ് നടക്കുന്നത് എന്നറിയാന്‍ ഒന്ന് കയറിയതായിരുന്നു ... ഏറണാകുളം ഇടുക്കി കോട്ടയം ജില്ലകളെ വല്ലാതെ പ്രണയിക്കുന്ന ഒരാളയാതുകൊണ്ടും CET യിലെ ജീവിതം സമാനിച്ച തിരുവനന്തപുരം ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടും നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു ...Mtech എവിടെയാണ് പഠിക്കുന്നത് ?