"നിങ്ങളെന്തിനാണെന്റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്..?"
പ്രാണനിലും പ്രാണനായ പുത്രന്റെ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരച്ഛന്റെ - ഈച്ചരവാര്യരുടെ - നെഞ്ചില്‍ നിന്നും ഉതിര്‍ന്ന ഈ ചോദ്യം കേട്ടത് ഒരു ഏകപാത്രനാടക വേദിയില്‍ നിന്നുമാണ്(രാജനൊപ്പം കക്കയം ക്യാമ്പിലുണ്ടായിരുന്ന സിവിക്ക് ചന്ദ്രന് രചിച്ച് അരങ്ങിലെത്തിച്ചതാണീ നാടകം). പ്രതിഷേധിക്കുന്ന ജിഹ്വകളെ പിഴുതെടുക്കുകയും നൈതികതയുടെ ഘാതകര്‍ക്കെതിരായ കൈച്ചൂണ്ടലുകളെ ഛേദിക്കുകയും ചെയ്തുകൊണ്ടിരുന്ന അടിയന്തരാവസ്ഥയുടെ പെരുമഴക്കാലത്ത് മറയ്ക്ക്പിന്നിലൊളിക്കാതെ സ്വയമൊരു കുടയായ് മാറി പെരുമഴയത്തേക്കിറങ്ങി നാവും മുഷ്ടിയും ചലിപ്പിച്ച ഒരു ധീരയുവതയുടെ പ്രതിനിധികളായിരുന്നു രാജനും കൂട്ടരും. അവരത് ചെയ്തത് കൊണ്ട് മഴ തോര്‍ന്നില്ല.എങ്കിലും പെരുമഴ തിമിര്‍ത്തുപെയ്യുമ്പോഴും ഒരു സംരക്ഷിതകവചത്തിലാണ് തങ്ങളെന്ന് വിശ്വസിച്ചിരുന്ന മൂഢര്‍ക്ക് മറിച്ച് ചിന്തിക്കാനുള്ള പ്രേരണനല്കാനെങ്കിലും അവര്‍ക്കായി.
അടിയന്തരാവസ്ഥ താത്വികമായി അവസാനിച്ചു(അത് മഴയുടെ ഒരു രൂപം മാത്രമായിരുന്നല്ലോ!).എന്നാല്‍ പെരുമഴ തോര്‍ന്നില്ല.എന്നുമാത്രമല്ല ആഞ്ഞുവീശുന്ന കൊടുങ്കാറ്റായി, വട്ടം കറക്കുന്ന ചുഴലിയായി, ഇടിയായി, മിന്നലായി പലരൂപത്തില്‍ അതിന്റെ ക്രൌര്യം ഇന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മലവെള്ളപ്പാച്ചിലില്‍ നാടിന്റെ സംസ്കൃതിയും ചൈതന്യവും ജീവസ്സറ്റ് ഒലിച്ച് പോകുന്നു.പ്രതിരോധത്തിന്റെ ഒരു ചെറിയ തടയണയെങ്കിലും കെട്ടാനായി പെരുമഴയത്തേക്കിറങ്ങാന് കുട്ടികളേ, നിങ്ങളാരേലുമിവിടെയുണ്ടോ?തകര്
പെരുമഴകള്‍ പുതിയ പ്രതിഭാസമൊന്നുമല്ല. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ പല രൂപത്തില്‍ അത് പെയ്തുകൊണ്ടിരിക്കുന്നു.ആ തണുപ്പിന്റെ ആലസ്യത്തില്‍ പുതപ്പിനടിയിലേക്ക് നൂണ്ടവര്‍ക്ക് ചരിത്രത്തിന്റെ ഏടുകളില്‍ കരിമ്പട്ടികയിലാണ് സ്ഥാനം.എന്നാല്‍ മഴവെള്ളത്തെ ഗര്ഭത്തിലാവാഹിച്ച് ഉരുള്പൊട്ടാനൊരുങ്ങി നില്ക്കുന്ന മലഞ്ചെരുവുകളില്‍ നിന്നും നനഞ്ഞ് ഒട്ടിയ ജീവന്റെ ശേഷിപ്പുകളെ തോളിലേറ്റി സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോയവര്‍ തങ്കലിപികളിലെഴുതപ്പെട്ട ഇതിഹാസത്തിന്റെ ഭാഗമായി.
പണ്ട്, അജ്ഞതയുടെ കാളമേഘക്കീഴില് നിന്നും നവോത്ഥാനത്തിന്റെ വെയില്ത്തുണ്ടിലേക്ക് ഒരു ഭൂഖണ്ഡത്തെ നയിക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങലപ്പൂട്ടിട്ട് വര്‍ണ്ണ വിവേചനത്തിന്റെ ആഴിയിലേയ്ക്കാഴ്ത്തപ്പെട്ടവരെ മോചിപ്പിക്കാന്‍ ഭൂഗോളത്തിന്റെ മറുഭാഗത്ത് വേറെ ചിലര്‍ എത്തിയിരുന്നു. ഒരു ഉപഭൂഖണ്ഡത്തെയാകെ പ്രളയത്തില്‍ നിന്നും കര കയറ്റാന്‍ മഴനനഞ്ഞിറങ്ങി ചെറുവിരലില്‍ ഗോവര്ദ്ധനമുയര്ത്തിയ ഒരു ഒറ്റമുണ്ടുകാരന് ഇവിടെയുണ്ടായിരുന്നു.ഇന്ന് മേഘഗര്ജ്ജനത്തിന്കീഴില് ഭയന്ന് നില്ക്കുമ്പോള് അന്ന് പെരുമഴയിലിറങ്ങിയവരെ സ്മരിക്കാതെ വയ്യ.
കുട്ടികളേ, പറഞ്ഞ് വന്നത് മറ്റൊന്നുമല്ല.ചുറ്റിലും കനത്ത മഴയാണ്.നേരം അന്തിമയങ്ങിത്തുടങ്ങുന്നു. തലയ്ക്ക് മുകളില്‍ ഗോവര്ദ്ധനമില്ല. ഓട്ടപ്പുരയും കീറക്കുടയും കാട്ടി രക്ഷ വാഗ്ദാനം ചെയ്യുന്ന കാപട്യക്കാരാണ് ചുറ്റിലും.വഞ്ചിതരാകരുത്.ഇനി കാത്തിരിക്കാന്‍ നേരമില്ല.ഒരുമിച്ച് കൈകോര്‍ത്ത് മഴയിലേക്കിറങ്ങാം. തടയണകള്‍ കെട്ടാം. പ്രതിരോധത്തിന്റെ പന്തലുകള്‍ തീര്‍ക്കാം. ഓരോ തരളജീവനേയും മഴയുടെ കരാളഹസ്തത്തിന് വിട്ടുകൊടുക്കാതെ കാക്കാം.നമ്മുടെ ഇച്ഛാശക്തിക്കു മുന്നില്‍ പെരുമഴകള്‍ വജ്രായുധം വെച്ച് കീഴടങ്ങാതിരിക്കില്ല..
കാക്കക്കൂടിന്റെ ' മഴക്കൂട് 2011 ' മാഗസിന് വേണ്ടി തയ്യാറാക്കിയത്.

ആഹ്വാനം ... ആഹ്വാനോഹ്നാം ...
ReplyDeleteഎന്തിനധീരത.. ഇപ്പോള്‍ തുടങ്ങണം
ReplyDeleteഎല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണം ഇപ്പോള്‍ തന്നെ
ആത്മാശക്തിയായ് മാറീടാം..
പഴയ പരിഷത്ത് ഗാനം ഓര്‍മ്മവന്നു. എന്തുകൊണ്ട് വന്നു എന്ന് ചോദിക്കരുത്. പ്ലീസ് :)
കാവ്യ നന്നായെഴുതി കേട്ടോ
കുഞ്ഞൂട്ടാ, :))
ReplyDeleteഒന്നും ചോദിക്കുന്നില്ല മനോരാജേട്ടാ, നന്ദി മാത്രം പറയുന്നു.
kavya...nannyitto.. all de best
ReplyDelete"ഒരുമിച്ച് കൈകോര്‍ത്ത് മഴയിലേക്കിറങ്ങാം. തടയണകള്‍ കെട്ടാം. പ്രതിരോധത്തിന്റെ പന്തലുകള്‍ തീര്‍ക്കാം"....നല്ല പോസ്റ്റ്
ReplyDeleteകൊള്ളാം...നല്ല പോസ്റ്റ്...
ReplyDeleteബ്ലാക്ക് ബാക്ക് ഗ്രൌണ്ട് വായിക്കാൻ ഇത്തിരി കടുപ്പം തന്നെ.
ReplyDelete